തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
കോട്ടയം: ജംബോ പട്ടികയെ ചൊല്ലി വഴിമുട്ടിയ ഭാരവാഹി നിയമനത്തിനു കാത്തുനില്‍ക്കാതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഡി.സി.സികളുടെ നേതൃത്വത്തില്‍ ബൂത്ത്, വാര്‍ഡുതല സമിതികളെ സജ്ജമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകള്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി അധ്യക്ഷന്‍മാരുടെ യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍, ബി.എല്‍.എമാരുടെ നിയമനം, വാര്‍ഡ് കമ്മിറ്റികളുടെ പുനഃസംഘടനയ്ക്കായി 'മഹാത്മ കുടുംബസംഗമം', ഭവന സന്ദര്‍ശനം, പ്രവര്‍ത്തന ഫണ്ട് ശേഖരണം, ഡി.സി.സികളുടെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങി വിപുലമായ പരിപാടികളാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ഈ മാസം 16ന് പ്രസിദ്ധീകരിക്കും. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും വരുത്താന്‍ ജനുവരി 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. ബൂത്ത് കമ്മിറ്റികളെയും ബി.എല്‍.എമാരെയും ഫലപ്രദമായി ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് ഡി.സി.സികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ബി.എല്‍.എമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി തന്നെ നിയമനം നടത്തി അവരെ പ്രവര്‍ത്തന സജ്ജരാക്കും. ഇന്ദിരാഗാന്ധി കുടുംബ സംഗമത്തിന്റെ മാതൃകയിലാണ് 'മഹാത്മ' കുടുംബസംഗമം നടത്തുക. മഹാത്മാഗാന്ധിയുടെ പ്രസക്തി ഇന്നത്തെ സമൂഹത്തില്‍ കൂടുതലായി വര്‍ധിച്ചിട്ടുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലാകണം കുടുംബ സംഗമങ്ങള്‍ നടത്തേണ്ടതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയെ തമസ്‌കരിച്ചു ഗോഡ്‌സയെ ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പിക്കെതിരേയുള്ള പ്രചാരണം കൂടിയാക്കി കുടുംബസംഗമത്തെ മാറ്റും. ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരുന്ന 16 മുതല്‍ ജനുവരി 15 വരെ ഭവന സന്ദര്‍ശനവും സര്‍വേയും നടത്തും. ഡി.സി.സികള്‍ നല്‍കുന്ന പ്രത്യേക ഫോമില്‍ ഭവന സന്ദര്‍ശനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി സര്‍വേ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചു കെ.പി.സി.സിക്ക് നല്‍കണം.
ഭവന സന്ദര്‍ശനത്തില്‍ ലഘുലേഖകളും വിതരണം ചെയ്യും. വാര്‍ഡ് അടിസ്ഥാനത്തില്‍ കൂപ്പണുകള്‍ വഴി പ്രവര്‍ത്തന ഫണ്ട് ശേഖരണവും നടത്തും. ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പദയാത്രകളും സംസ്ഥാനമൊട്ടാകെ നടത്തും. ഡി.സി.സികളുടെ നേതൃത്വത്തിലാണ് പദയാത്രകള്‍. 14ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടക്കുന്ന 'ഭാരത് ബച്ചാവോ' റാലിയില്‍ സംസഥാനത്തുനിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. സ്ത്രീ പീഡനങ്ങള്‍ക്കെതിരേ 14ന് മണ്ഡലം അടിസ്ഥാനത്തില്‍ 'മാ നിഷാദ' എന്ന പേരില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും. കേരള ബാങ്കുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്നും ശക്തമായി പ്രതികരിക്കാനും ഡി.സി.സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനരീതിയെ സംബന്ധിച്ച് കെ.പി.സി.സി മാര്‍ഗരേഖ തയാറാക്കും. മാര്‍ച്ച് 10ന് എറണാകുളത്ത് നടക്കുന്ന 'മഹാ പഞ്ചായത്ത് ' സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കെ.പി.സി.സി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."