'ദേശീയപാതയിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഫറോക്ക് വഴിയാക്കണം'
ഫറോക്ക് : ദേശീയപാത വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഫറോക്ക് വഴിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രാത്രി ഒന്‍പത് കഴിഞ്ഞാല്‍ ഫറോക്കിലേക്ക് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ കോഴിക്കോട് - മീഞ്ചന്ത വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഫറോക്കിലൂടെ കടന്നു പോകണമെന്നാണ് ആവശ്യം.
റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയിറങ്ങുന്ന യാത്രക്കാര്‍ രാത്രിയും പുലര്‍ച്ചെയും വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ ബസ് കിട്ടാതെ വലയുകയാണ്. കാലിക്കറ്റ് സര്‍വ്വകലാശാല, രാമനാട്ടുകര, ചെറുവണ്ണൂര്‍, നല്ലളം, വ്യവസായ മേഖല ബേപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുളളവര്‍ തീവണ്ടി യാത്രക്കു ആശ്രയിക്കുന്നത് ഫറോക്ക് സ്‌റ്റേഷനെയാണ്.
ഫറോക്കില്‍ നിര്‍ത്തുന്ന പ്രധാന ദീര്‍ഘദൂര തീവണ്ടികളിലേറെയും രാത്രി ഒന്‍പതിനും പുലര്‍ച്ചെ അഞ്ചരയക്കുമിടയിലാണ്. അതിനാല്‍ തന്നെ തിരുവനന്തപുരം - മംഗലാപുരം യാത്രികരാണ് ഏറ്റവും കൂടുതല്‍ വലയുന്നത്.
അതേ സമയം ഫറോക്ക് ടൗണിന് കേവലം അരകിലോ മീറ്റര്‍ അകലെയുളള ദേശീയപാത വഴി 24 മണിക്കൂര്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുണ്ട്. ഇവയില്‍ നിശ്ചിത ബസുകള്‍ ടൗണ്‍ വഴിയാക്കിയാല്‍ ഒരു പരിധിവരെ മേഖലയിലെ യാത്രാദുരിതത്തിന് അവസാനമാകും.
ഇതോടൊപ്പം കടലുണ്ടി, ഫാറൂഖ് കോളജ്, രാമനാട്ടുകര, ബേപ്പൂര്‍ എന്നീ മേഖലകളെ ബന്ധപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവില്‍ രാത്രി എട്ടുകഴിഞ്ഞാല്‍ ഫറോക്ക് മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ നിന്നും നാമമാത്ര സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.
രാത്രി ഒന്‍പതര കഴിഞ്ഞാല്‍ ഒരു ബസും കിട്ടാതെ വന്‍തുക മുടക്കി ഓട്ടോറിക്ഷ വിളിച്ചു പോകേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."