ഇന്ന് ലോക അഴിമതി വിരുദ്ധ ദിനം; 'വിസില്‍ നൗ'ന് അകാല ചരമം
മുസ്തഫ തിരുണ്ടിക്കല്‍
ഒറ്റപ്പാലം: വിസില്‍ നൗ'ന് അകാല ചരമം. പരാതികളേറെ വന്നിട്ടും വിജിലന്‍സ് നടപടിയില്ല. രണ്ട് വര്‍ഷത്തിനിടെ വന്നത് 1,646 പരാതികള്‍. 2016 ഡിസംബര്‍ ഒന്‍പതിന് ആരംഭിച്ച വിജിലന്‍സിന്റെ 'വിസില്‍ നൗ' ആപ്പിലൂടെ അഴിമതികള്‍ തുറന്നുകാട്ടുവാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രണ്ട് വര്‍ഷത്തിനിടെ 1,646 പരാതികളുമെത്തി. ഏറ്റവും കൂടുതല്‍ പരാതികള്‍ പാലക്കാടു ജില്ലയില്‍നിന്നും, ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമാണ് എത്തിയത്. വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് വിസില്‍ നൗ, അറൈസിങ് കേരള എന്നീ ആപ്പുകള്‍ തുടങ്ങിയത്. ആദ്യ അഞ്ചു മാസക്കാലം പരാതികളില്‍ അന്വേഷണങ്ങളും, നടപടികളും ഉണ്ടായിരുന്നെങ്കില്‍ പിന്നീട് വകുപ്പ് 2017 ഏപ്രില്‍ മാസത്തില്‍ തലവന്‍ ജേക്കബ് തോമസ് മാറിയതോടെ നിശ്ചലവസ്ഥയായി. ഇപ്പോള്‍ പരാതികള്‍ ആപ്പില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ആപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. വിജിലന്‍സിലെ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇതിനായി ഓരോ സംഘങ്ങളെ നിയമിച്ചിരുന്നു. ഓരോ ജില്ലയിലും ശരാശരി പത്തുപേര്‍ വീതം 140 ഉദ്യോഗസ്ഥരെ ആപ്പ് കൈകാര്യം ചെയ്യുന്നതിനായും നിയമിച്ചിരുന്നു . അതില്‍ 40 പുതിയ വനിത പൊലിസും ഉള്‍പ്പെട്ടിരുന്നു. പാലക്കാടു ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വിവിധതരം അഴിമതി പരാതികള്‍ ആപ്പില്‍ എത്തിയിട്ടുള്ളത്. തൊട്ട് പിന്നില്‍ മലപ്പുറവും. പാലക്കാട് നിന്ന്- 566, മലപ്പുറത്തുനിന്ന്- 282 പരാതികളാണ് ആപ്പില്‍ ലഭിച്ചിട്ടുള്ളത്. ആപ്പില്‍ പരാതികള്‍ വിജിലന്‍സ് പ്രസിദ്ധീകരിക്കുന്നുവെന്നല്ലാതെ പരാതികളില്‍ അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. അന്വേഷിക്കാന്‍ വിജിലന്‍സ് മേധാവിയുടെ അനുമതി വേണം. അതിന് നിര്‍ദേശമില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മേധാവി സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് മാറിയതോടെ ആപ്പിന്റ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അഴിമതികള്‍ പുറംലോകം അറിയാന്‍ മാത്രമാണിപ്പോള്‍ 'വിസില്‍ നൗ'ആപ്പിലൂടെ ഉപകരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള പരാതികളുടെ എണ്ണം താഴെ ചേര്‍ത്തിരിക്കുന്നു. പാലക്കാട്- 566, മലപ്പുറം-282, എറണാകുളം-140, തൃശൂര്‍-129, തിരുവനന്തപുരം-116, കൊല്ലം-89, കോഴിക്കോട്-61, ആലപ്പുഴ-44, കോട്ടയം-46, കണ്ണൂര്‍-49, ഇടുക്കി-41, പത്തനംതിട്ട-37, വയനാട്-24, കാസര്‍കോട് -22.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."