വീണ്ടും പരസ്യം: മിസോറമിന് കേരളത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയിട്ടും വീണ്ടും പരസ്യം നല്‍കിയ മിസോറം ലോട്ടറിക്കു കേരളത്തിന്റെ മുന്നറിയിപ്പ്.
നിയമവിരുദ്ധമായ കരാറിന്റെ അടിസ്ഥാനത്തില്‍ ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കച്ചവടത്തിനിറങ്ങിയാല്‍ മിസോറം ലോട്ടറി ഡയറക്ടര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം പ്രമുഖപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങള്‍ക്കു നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ കേരള നികുതി വകുപ്പു സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. ലോട്ടറി വിറ്റു വരവ് മുഴുവന്‍ സംസ്ഥാന ഖജനാവില്‍ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറം ലോട്ടറി വകുപ്പ് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
ഇതിനു പകരം ആവിഷ്‌കരിച്ച മിനിമം ഗാരന്റി റവന്യൂ എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന വ്യവസ്ഥയുള്ള കരാറുമായി സംസ്ഥാനത്ത് ലോട്ടറി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേരളം. മിസോറം ലോട്ടറി ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ചും ഗുരുതരമായ കണ്ടെത്തലുകളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. ബാര്‍കോഡ് പോലുള്ള യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചത്. മിസോറം ലോട്ടറി ഡയറക്ടറേറ്റിന്റെ വിലാസമോ ഫോണ്‍ നമ്പരോ വെബ് വിലാസമോ ഒന്നുംതന്നെ ടിക്കറ്റിലില്ല. അച്ചടിക്കാന്‍ പ്രസുകളെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
സി.എ.ജി സംഘം റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി 2016 മാര്‍ച്ചില്‍ ഫരീദാബാദിലെ പ്രസില്‍ പരിശോധന നടത്തിയിരുന്നു. നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെയെല്ലാം ലോട്ടറി ടിക്കറ്റുകള്‍ ഇതേ പ്രസിലാണ് അച്ചടിക്കുന്നത്. ടിക്കറ്റിന്റെ ഡിസൈനും വലിപ്പവും മറ്റും പ്രസുകാരും വിതരണക്കാരും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും മിസോറം സര്‍ക്കാരിനു പങ്കൊന്നുമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയ കത്താണ് മിസോറം ചീഫ് സെക്രട്ടറിക്കു കേരള നികുതി വകുപ്പ് അയച്ചത്. ലോട്ടറി നിയമത്തിലെ പത്താം വകുപ്പനുസരിച്ച് 2011 ഓഗസ്റ്റ് എട്ടിനു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ആതിഥേയ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമ പ്രകാരമാണ് അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് എന്ന് ഉറപ്പുവരുത്താന്‍ ആതിഥേയ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ മിസോറം സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തിലെ അവകാശവാദങ്ങള്‍ ദൗര്‍ഭാഗ്യകരവും ന്യായീകരണമില്ലാത്തതും നിയമവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."