കേരഗ്രാമം പദ്ധതി ആറു പഞ്ചായത്തുകളില്‍ തുടങ്ങി
മലപ്പുറം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിഭവനുകള്‍ മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ജില്ലയില്‍ ആരംഭിച്ചു. മാറഞ്ചേരി, വട്ടംകുളം, മൂന്നിയൂര്‍, എടയൂര്‍, ഏലംകുളം, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ കേരഗ്രാമത്തിലും 75 ലക്ഷം രൂപ വീതം സഹായധനമായി കേര കര്‍ഷകര്‍ക്കു ലഭിക്കും. തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ 625 ഏക്കര്‍ വീതം സ്ഥലത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം തെങ്ങുകളുടെ തടം തുറക്കല്‍, ജല സംരക്ഷണത്തിനു ചകിരി തൊണ്ടടുക്കല്‍, ജൈവ വളം, രാസവളം, മഗ്നീഷ്യം സള്‍ഫേറ്റ്, സസ്യ സംരക്ഷണ മരുന്നുകള്‍, ജീവാണുവളം, ജൈവ-കീട-കുമിള്‍ നാശിനികള്‍, ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയുടെ വിതരണം, ഇടവിള കൃഷികള്‍, കിണര്‍, പമ്പ്‌സെറ്റ്, സൂക്ഷമ ജലസേചനം, ജൈവവള നിര്‍മാണ യൂനിറ്റുകള്‍ മുതലായവയ്ക്ക് 50 ശതമാനം നിരക്കില്‍ സബ്‌സിഡി ലഭിക്കും
കൂടാതെ കുമ്മായം, ഡോളോമൈറ്റ് എന്നിവയ്ക്ക് 75 ശതമാനം സബ്‌സിഡി നിരക്കിലും രോഗബാധിത ഉല്‍പാദന ശേഷികുറഞ്ഞ പ്രായമേറിയ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് 500 രൂപ നിരക്കിലും പകരം വയ്ക്കുന്നതിന് തെങ്ങിന്‍ തൈകള്‍ 50 ശതമാനം നിരക്കിലും തെങ്ങുകയറ്റ യന്ത്രങ്ങള്‍ക്ക് ഒന്നിന് 2,000 രൂപ നിരക്കിലും തെങ്ങിന്‍ തൈ നഴ്‌സറിക്ക് 50,000 രൂപ നിരക്കിലും സബ്‌സിഡി ലഭിക്കും.
കേരഗ്രാമം നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ കേര സൊസൈറ്റികള്‍ രൂപീകരിച്ച് സംസ്‌കരണം, വിപണനം, മറ്റു ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവനടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷംരൂപ വീതം അനുവദിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ 15വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."