സി.പി.ഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ മലപ്പുറത്ത്
മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി അവസാന വാരം മലപ്പുറത്ത് നടക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കൊല്ലത്ത് നടക്കും.
അടുത്ത മാസം 10മുതല്‍ താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കും. ഡിസംബറിലാണ് മലപ്പുറം ജില്ലാ സമ്മേളനം. 1200ലേറെ ലോക്കല്‍ കമ്മിറ്റി, 9135 ബ്രാഞ്ച് കമ്മിറ്റി, 170 മണ്ഡലം കമ്മിറ്റി സമ്മേളനങ്ങളാണ് ഡിസംബറോടെ പൂര്‍ത്തീകരിക്കുക. പിളര്‍പ്പിന് ശേഷം ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വേദിയാവുന്നത്.
ഇടത് വിശാല ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മുഴുവന്‍ ഇടതു കക്ഷികളും ഒന്നിച്ചല്ലെന്നും കാനം പറഞ്ഞു. ഇവരെ ഒന്നിപ്പിക്കാനുള്ള ദൗത്യവും പാര്‍ട്ടി ലക്ഷ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ദേശീയതലത്തില്‍ വര്‍ഗീയതക്കെതിരേയുള്ള മുന്നേറ്റവുമായി പാര്‍ട്ടി നീങ്ങും. മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്തെന്ന് ആക്രോശിച്ച മുഖ്യമന്ത്രിയുടെ ശൈലിയില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടോയെന്ന ചോദ്യത്തിന് തങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കളുടെയും മന്ത്രിമാരുടെയും തിരുത്തലുകളും വിലയിരുത്തലുമാണ് സി.പി.ഐ നടത്തുകയെന്നായിരുന്നു മറുപടി. കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിന്റെ പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി ന്യായമല്ലെന്ന് കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."