HOME
DETAILS
MAL
ഹുറൂബ് കെണിയിൽ പെട്ട് ദുരിതക്കയത്തിലായ നാല് മലയാളികൾ സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിൽ മോചനം നേടി നാടണഞ്ഞു
backup
December 16 2019 | 04:12 AM
ദമാം: ശമ്പളം നിഷേധിക്കുകയും അകാരണമായി ഹുറൂബാക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് സഊദിയിൽ ദുരിതത്തിലായ നാല് മലയാളികൾ ഒടുവിൽ മോചനം നേടി നാടണഞ്ഞു. കോട്ടയം പള്ളം സ്വദേശിയായ രാഹുല്‍ രാജ്, കൊല്ലം സ്വദേശികളായ ചവറ സുല്‍ഫിക്കര്‍, സതീഷ്, പത്തനംതിട്ട സ്വദേശി ബെന്നി എന്നിവർക്കാണ് സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലിനെ തുടർന്ന് പ്രവാസ ലോക ദുരിതക്കയത്തിൽ നിന്നും നാട്ടിലെ ആശ്വാസ തീരത്തണയാനായത്. ഒടുവിൽ ഇവർ പ്രവാസ ലോകത്തോട് വിടവാങ്ങി നാട്ടിലേക്ക് യാത്ര തിരിച്ചു.
രണ്ടു വർഷം മുമ്പ് വീട്ടിലെ ഡ്രൈവർ ജോലിക്കായി സഊദിയിലെത്തിയ രാഹുൽ രാജിന് മാസങ്ങളോളം ശമ്പളം കിട്ടിയിരുന്നില്ല. തന്നെ നാട്ടിൽ വിടാൻ ആവശ്യപ്പെട്ടപ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടുപോയി എന്നാണ് സ്പോൺസർ അറിയിച്ചത്. ഇതിനിടെ, ഗത്യന്തരമില്ലാതെ സർവതും സഹിച്ച് കഴിഞ്ഞ രാഹുലിനെ ഒരു മുന്നറിയിപ്പും കൂടാതെ സ്പോൺസർ ഇയാളെ നാടുകടത്തൽ കേന്ദ്രത്തിൽ കൊണ്ടാക്കുകയും ഒളിച്ചോടിയെന്നു കാണിച്ചു ഹുറൂബാക്കുകയും ചെയ്തു. നിസ്സഹായാവസ്ഥയിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ രാഹുലിനെ നാസ് വക്കം ജാമ്യത്തിൽ പുറത്തിറക്കി, അധികൃതരെ സത്യം ബോധ്യപെടുത്തി എക്സിറ്റ് വിസ ലഭ്യമാക്കി നാട്ടിലയക്കുകയായിരുന്നു.
മുന്നു വര്‍ഷ മുമ്പാണ് സുൽഫിക്കർ ഒരു കമ്പനിയില്‍ ഡ്രൈവറായി എത്തിയത്. മാസങ്ങളോളം ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്നു കമ്പനിയില്‍ നിന്നിറങ്ങി. പക്ഷെ, ഇതിനിടയില്‍ കമ്പനി ഹുറൂബാക്കിയതോടെ നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. നിരവധി കുടുംബ ബാധ്യതകളിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെയും നാട്ടിലേക്കയക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. 2016 ൽ ഡ്രൈവറായി ജോലിക്കെത്തിയ കൊല്ലം സ്വദേശി സതീഷിന് ഒന്നര വര്‍ഷമായി ഇഖാമ പുതുക്കി നല്‍കിയിട്ടില്ല. ഇതിനിടെ പൊലീസിന്റെ പിടിയിലായി നാടുകടത്തൽ കേന്ദ്രത്തിൽ എത്തപ്പെടുകയായിരുന്നു.
പത്തനംതിട്ട സ്വദേശി ബെന്നി ഒരു വര്‍ഷം മുമ്പാണ് സഊദിയിലെത്തിയത്. എട്ടു മാസമായി ശമ്പളം ലഭിച്ചില്ല. ഇതിനിടെ കഴിഞ്ഞ മാസം മാതാവ്
മരിച്ചു. മാതാവിനെ അവസാനമായൊന്നു കാണാൻ നാട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി തയാറായില്ല. ഇതിനിടെ ബെന്നി അറിയാതെ കമ്പനി ഇദ്ദേഹത്തെ ഹുറൂബാക്കി ബാധ്യതകളിൽ നിന്ന് തടിതപ്പി. ഇതറിയാതെ യാത്ര ചെയ്ത ബെന്നിയെ പൊലീസ് പിടികൂടി തര്ഹീലിലെത്തിച്ചു. ആഴ്ചകൾ നാട് കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ഇദ്ദേഹത്തെയും ജാമ്യത്തിൽ ഇറക്കി എക്സിറ്റ് ലഭ്യമാക്കി നാട്ടിൽ പോകാൻ അവസരമൊരുക്കുകയായിരുന്നു. ഹുറൂബ് കെണിയിൽ പെട്ട് പ്രതീക്ഷകൾ തകർന്ന് കഴിഞ്ഞിരുന്ന ഇവർ സാധാരണപോലെ നാട്ടിൽ പോകാൻ കഴിഞ്ഞ ആശ്വാസത്തിലാണ് പിന്നിൽ പ്രവർത്തിച്ച നാസ് വക്കത്തിന് കടപ്പാടുകൾ അറിയിച്ച് നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."