സര്‍ക്കാര്‍ ഇടപെടലില്ല ഉപ്പു മുതല്‍ കര്‍പ്പൂരം വരെ തീവില പഴം പച്ചക്കറി വിപണിയിലും വിലക്കയറ്റം കഴുത്തറുപ്പുമായി ഹോട്ടലുകളും
തിരുവനന്തപുരം: പൊതുവിപണിയില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് തീവില. ജനജീവിതം ദുസ്സഹമായിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടില്ല.
ഓണം വരുന്നതോടെ വില ഇനിയും വര്‍ധിക്കാനാണു സാധ്യത. പഴം പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. ഏത്തപ്പഴത്തിന്റെ വില ഓണത്തോടെ 100 രൂപയിലെത്തുമെന്നു വ്യാപാരികള്‍ പറയുന്നു. ഉല്‍പാദനം കുറഞ്ഞതും പുറത്തുനിന്നും വരവു കുറഞ്ഞതുമാണു ഏത്തപ്പഴത്തിന്റെ് വില കുതിച്ചുയരാന്‍ കാരണമായത്. കഴിഞ്ഞമാസം മുതലാണ് ഏത്തപ്പഴത്തിന്റെ വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തു. കിലോയ്ക്ക് എഴുപത് രൂപയാണ് വില. പച്ചക്കായയ്ക്ക് ഇപ്പോള്‍ വില 62 രൂപയാണ്.ഇത് ചില്ലറവില്‍പനക്കാര്‍ വഴി ആവശ്യക്കാരിലെത്തുമ്പോള്‍ 80 മുതല്‍ 90 രൂപവരെയാവും. പച്ചക്കറിയുടെ വിലയും അനുദിനം വര്‍ധിയ്ക്കുകയാണ്.
വിലക്കയറ്റം തടയാന്‍ ബജറ്റില്‍ പദ്ധതികളോ നിര്‍ദേശങ്ങളോ ഇല്ലാത്തത് തിരിച്ചടിയായി. സിവില്‍ സപ്ലൈസ് വിപണന കേന്ദ്രങ്ങളില്‍ വില പിടിച്ചു നിര്‍ത്താനായി 75 കോടി രൂപ അധികമായി നല്‍കുമെന്നു മാത്രമാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ടണ്ടു മാത്രം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചരക്കു വാഹനങ്ങളുടെ നികുതി പത്തു ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും വിലക്കറ്റം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. വെളിച്ചെണ്ണക്കും ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ചു ശതമാനം വീതം നികുതി ചുമത്തിയതോടെ ഇവയുടെ വിലയും വര്‍ധിച്ചു. ഗോതമ്പ് ഉല്‍പ്പന്നങ്ങളായ മൈദ, സൂജി, റവ എന്നിവയ്ക്കും അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നു.
ഹോട്ടല്‍ വില ഏകീകരണത്തെക്കുറിച്ച് സര്‍ക്കാര്‍ നടപടിയില്ലാത്തതിനാല്‍ പല ഹോട്ടലുകളിലും തോന്നിയ വിലയാണ് ഈടാക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ചില സാധാരണ ഹോട്ടലുകളില്‍ ചായയ്ക്ക് 20 രൂപവരെ ഈടാക്കുന്നുണ്ട്. പ്രത്യേകതരം പാല്‍പ്പൊടി ഉപയോഗിക്കുന്നതിനാലാണ് ചായക്ക് ഈ വിലയെന്നാണ് ഉടമയുടെ വിശദീകരണം. ഇലയിട്ട വെജിറ്റേറിയന്‍ ഊണിന് 110 രൂപയാണ് . തൊട്ടടുത്ത ഇതേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ 70,60 എന്നിങ്ങനെയാണ് നിരക്ക്.
നോണ്‍വെജ് വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളിലും വില തോന്നിയത്‌പോലെയാണ്. മസാലദോശ മുതല്‍ ഉഴുന്നുവടയ്ക്കുവരെ വിലവര്‍ധിച്ചു. ഉഴുന്നുവടയുടെ വലുപ്പം കുറച്ചാണു വില കൂട്ടിയത.് സ്‌പെഷല്‍ വിഭവങ്ങള്‍ക്ക് സ്റ്റാര്‍ ഹോട്ടലുകളേക്കാല്‍ വില ഈടാക്കുന്ന ഹോട്ടലുകള്‍ സെക്രട്ടേറിയേറ്റിന്റെ പരിസരത്തു തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."