ഹര്‍ത്താല്‍: വാഹനങ്ങള്‍ തടയുന്നു, നിരവധി പേര്‍ അറസ്റ്റില്‍
കോഴിക്കോട്, പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്തസമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ താത്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. വയനാട്ടില്‍ വച്ച് ഒരു ബസിന് നേരെ കല്ലേറ് ഉണ്ടാവുകയും , തിരൂരില്‍ ഒരു ബസ് തടഞ്ഞ് ഇടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. പൊലിസ് സുരക്ഷ ആവശ്യപെട്ടിട്ടുണ്ട്. പൊലിസ് നിര്‍ദ്ദേശം ലഭിച്ചാലെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളു എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട അറസ്റ്റ് തുടരുകയാണ്. എസ് ഐ ഒ സംസ്ഥാന ഓഫീസ് വിദ്യാര്‍ത്ഥി ഭവനത്തില്‍ കയറി ആളുകളെ അറസ്റ്റ് ചെയ്യുന്നു. ഫ്രറ്റേണിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി മഷ്ഹൂദ് കാടാച്ചിറയും ഭാര്യ ഫാത്തിമ റഫിയയും (മണ്ഡലംഅസിസ്റ്റന്റ് കണ്‍വീനര്‍ ) അറസ്റ്റില്‍. ശാന്തപുരം അല്‍ ജാമിഅഃയിലെ രണ്ട് പി ജി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ബസ് തടഞ്ഞ സമരാനുകൂലികളെ മുക്കം പൊലിസ് കസ്റ്റഡിയിലെടുത്തു. അന്‍വര്‍ സാദത്ത്, മുഹമ്മദ് യുസുഫ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി,ഡി.എച്ച്.ആര്‍.എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ സ്വാശ്രയ സ്‌കൂളുകളില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി. ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."