ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകും: കെ.സി വേണുഗോപാല്‍ എം.പി
അമ്പലപ്പുഴ: ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു.
നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശത്ത് എംപി. വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ലബോറട്ടറി അടക്കമുള്ള പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാമെന്ന് നിര്‍മ്മാണ ചുമതലയുള്ള സി.പി.ഡബ്യു.ഡി. അധികൃതര്‍ ഉറപ്പു നല്‍കിയത്. ലബോറട്ടറികള്‍, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകള്‍, പരീക്ഷണത്തിനുള്ള അനിമല്‍ ഹൗസ്, തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്. പൂര്‍ണതോതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാംക്രമിക രോഗ ഗവേഷണ പഠന രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ് ആലപ്പുഴയിലെ ഈ കേന്ദ്രം. 2012 ല്‍ അംഗീകാരം ലഭിച്ച പദ്ധതിക്ക് 32.56 കോടി രൂപയാണ് ചിലവ്. ജലജന്യ സാംക്രമിക രോഗങ്ങളുടെ ഉത്ഭവം, പര്‍ച്ച വ്യാധികള്‍, നിപ്പ വൈറസ് ബാധപോലെയുള്ള ഗുരുതര സാഹചര്യങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് ഗുണകരമാകും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമാനമായ ഗവേഷണ പഠന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."