നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ബൈക്ക് യാത്ര അനുവദിക്കരുതെന്ന് നിയമസഭാസമിതി
തിരുവനന്തപുരം: പാരിസ്ഥിതികാഘാതമുണ്ടാകുന്നതിനാല്‍ നിലയ്ക്കല്‍ മുതല്‍ പമ്പവരെ ബൈക്കുയാത്ര അനുവദിക്കരുതെന്ന് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശ. നിലയ്ക്കലിനപ്പുറത്തേക്ക് സ്വകാര്യ വാഹനയാത്ര നിയന്ത്രിക്കണം. ഇതുസംബന്ധിച്ച് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനം തുടരണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നം സംബന്ധിച്ചാണ് സമിതിയുടെ പതിനഞ്ചാമത് റിപ്പോര്‍ട്ട്.
ശബരിമല തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടിലെയും പേട്ട തുള്ളലിനും മറ്റും ഉപയോഗിക്കുന്ന രാസസിന്ദൂരം പാരിസ്ഥിക ഭീഷണി ഉയര്‍ത്തുന്നു. ഇതിനാല്‍ രാസസിന്ദൂരത്തിന്റെ ഉപയോഗം നിരോധിച്ച് ജൈവ സിന്ദൂരത്തെ പ്രോത്സാഹിപ്പിക്കണം. ശബരിമലയില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള മാലിന്യ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. പമ്പാനദിയുടെ അതിര്‍ത്തി അളന്ന് തിരിച്ച് നദീസംരക്ഷണത്തിനായി പ്രകൃതി സൗഹൃദ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണം.
തീര്‍ഥാടകരുടെ അനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിന് പമ്പാനദിയില്‍ കൈവഴി സൃഷ്ടിക്കുന്നതിനും ഇവിടെയുണ്ടാകുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്ത് പമ്പയുമായി യോജിപ്പുണ്ടാക്കുന്നതും സംബന്ധിച്ച് പഠനം നടത്തി പദ്ധതി തയാറാക്കണമെന്നും ശുപാര്‍ശയുണ്ട്.
പമ്പാനദിയിലെ മലിനീകരണം തടയാന്‍ സോപ്പ് , എണ്ണ, ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിക്കുന്നത് നിരോധിക്കാന്‍ സംവിധാനം ഉണ്ടാകണം. ഇരുമുടിക്കെട്ടിലും പ്ലാസ്റ്റിക് ഒഴിവാക്കി പകരം പേപ്പര്‍, തുണി എന്നിവ ഉപയോഗിക്കുന്നതു സംബന്ധിച്ച് വിവിധ ഭാഷകളില്‍ പരസ്യപ്രചാരണം നടത്തണമെന്നും ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ സഹായം തേടണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. അപ്പം, അരവണ എന്നിവ ഉണ്ടാക്കുന്നതിനായി സന്നിധാനത്തേക്ക് ശര്‍ക്കര കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് പകരം പനയോല കൊണ്ട് നെയ്ത വട്ടിയിലാക്കി ചണ ചാക്കുകളില്‍ ആയിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
പുതിയ ശുപാര്‍ശക്കൊപ്പം മുന്‍ റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശയും പരിഗണിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."