ശമ്പളം മൂന്നുലക്ഷം; എം.പിമാരേ നിങ്ങള്‍ പുണ്യം ചെയ്തവര്‍
പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും വീണ്ടും ഇരട്ടിയാക്കാന്‍ പോകുന്നു. പ്രതിമാസ വേതനം 1,90,000 രൂപയില്‍ നിന്ന് 2,80,000 രൂപ. പ്രധാനമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചാല്‍ ഈ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമത്രെ.
നേരിട്ടുള്ള ശമ്പളം, അലവന്‍സ് എന്നിവയ്ക്കുപുറമേ എം.പിയുടെയും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍, സൗജന്യ ട്രെയിന്‍ യാത്ര, ഡല്‍ഹിയിലെ ഔദ്യോഗിക വസതി, സൗജന്യനിരക്കിലുള്ള വെള്ളം, വൈദ്യുതി, ടെലിഫോണ്‍, വിവിധ ആവശ്യങ്ങള്‍ക്കു പലിശരഹിത വായ്പകള്‍, പാര്‍ലമെന്ററി സമിതികളുടെ പേരിലുള്ള ആഭ്യന്തര-വിദേശയാത്രകള്‍, ഇവയ്‌ക്കൊക്കെ വരുന്ന വലിയസംഖ്യക്കുള്ള ടി.എ, ഡി.എ... അതേ, നമ്മുടെ 'പാവപ്പെട്ട' ജനപ്രതിനിധികളത്രയും കോടീശ്വരന്മാരാകുകയാണ്.
ഭരണപക്ഷത്തോ പ്രതിപക്ഷത്തോയുള്ള ഒരു എം.പിയും ഈ തീരുമാനത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടില്ല; പ്രകടിപ്പിക്കുകയുമില്ല. കാരണം ഈ സുഖം എല്ലാ എം.പിമാര്‍ക്കും ഒന്നിച്ച് അനുഭവിക്കാനുള്ള സുവര്‍ണാവസരമാണല്ലോ. പാവപ്പെട്ട പ്രവാസികളുടേതുള്‍പ്പെടെയുള്ള നികുതിപ്പണം (സീസണുകളില്‍ 300 ശതമാനംവരെ ദേശീയ എയര്‍ലൈനുകളടക്കമുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ച് ഇരുട്ടടിയിലൂടെ നേടുന്ന പണമുള്‍പ്പെടെ) ഉപയോഗിച്ചാണ് പാര്‍ലമെന്റില്‍ ഹാജര്‍ ഒപ്പിടാന്‍ പോകുന്ന അംഗങ്ങള്‍ക്ക് വാരിക്കോരി കൊടുക്കാന്‍ തീരുമാനിക്കുന്നതെന്ന കാര്യം വോട്ടര്‍മാര്‍ ഓര്‍ക്കുക.
വോട്ടര്‍മാരെ പരിഹസിക്കുന്ന നിലപാടാണിത്. നികുതിപ്പണം ധൂര്‍ത്തടിച്ചു ജനപ്രതിനിധികളെ കൊഴുപ്പിക്കുന്ന പരിപാടിയാണിത്. ദരിദ്രനാരായണന്മാര്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത് അപഹാസ്യമാണ്.
പി.സി അഷ്‌റഫ്, ജിദ്ദ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."