എംബസി ഇടപെടല്‍; കുവൈത്തില്‍ പ്രവാസി സംഘടനകളുടെ സംയുക്ത പ്രതിഷേധ സമ്മേളനം റദ്ദാക്കി
നേരത്തെ അനുമതി ലഭിച്ചിരുന്ന പരിപാടി വ്യാഴാഴ്ച ഉച്ചയോടെ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു
കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കുവൈത്തില്‍ നടത്താനിരുന്ന പ്രതിഷേധ സമ്മേളനം അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെട്ട പൗരത്വ ഭേദഗതി നിയമ വിരുദ്ധ കൂട്ടായ്മയുടെ കീഴിലായിരുന്നു വിപുലമായ പ്രതിഷേധ സമ്മേളനം തീരുമാനിച്ചിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയാ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ അഭിലാഷ് മോഹനന്‍ വ്യാഴാഴ്ച കാലത്ത് തന്നെ കുവൈത്തില്‍ എത്തിയിരുന്നു.
ഇതിനിടെ വ്യാഴാഴ്ച ഉച്ചയോടെ സുരക്ഷാ കാരണങ്ങളാല്‍ പരിപാടി നടത്തരുതെന്ന് അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു.
കുവൈത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ബഹുജനപങ്കാളിത്തം പ്രതീക്ഷിച്ച പരിപാടി മുടക്കിയതിനു പിന്നില്‍ എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ബാഹ്യ ശക്തികളെ സംശയിക്കുന്നതായി സംഘാടകരിലൊരാള്‍ സുപ്രഭാതത്തോട് പറഞ്ഞു.
നേരത്തെ കുവൈത്തിലെ ചില പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ശ്രമവും ഇവരുടെ നേതൃത്വത്തില്‍ നടന്നിരുന്നതായും അദ്ധേഹം ആരോപിച്ചു.
നാട്ടില്‍ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യമായി കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് നേരത്തെ തന്നെ അധികൃതരില്‍ നിന്നും സംഘാടകര്‍ അനുമതി വാങ്ങിയിരുന്നു.
അതേ സമയം ഇവിടെ സംഘടിച്ചെത്തുന്നവര്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് ചിലരില്‍ നിന്നും ലഭിച്ചതു കൊണ്ടാണ് അധികൃതര്‍ പരിപാടി റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."