ബഹ്‌റൈനില്‍ കേരളീയ സമാജം പുസ്തകോത്സവത്തിന് തുടക്കമായി
സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് വായനയുടെ വസന്തം സമ്മാനിച്ച് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ തുടക്കമായി. ബഹ്‌റൈന്‍ കേരളീയ സമാജവും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചിന്‍ ബിനാലെയുടെ മാതൃകയില്‍ ചിത്ര ശില്‍പ പ്രദര്‍ശനങ്ങളോടെയാണ് ഇത്തവണ പുസ്തകോത്സവം നടക്കുന്നതെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. ബഹ്‌റൈനിന്റെ ചരിത്രത്തിലാദ്യമായി വിപുലമായ ഒരു കലാ പ്രദര്‍ശനം ബഹ്‌റൈനില്‍ ഇതാദ്യമാണെന്നും സംഘാടകര്‍ വിശദീകരിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനായിരത്തിലധികം ടൈറ്റിലില്‍ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്ന് ഡി സി ബുക്‌സും അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള സാഹിത്യോത്സവത്തില്‍ വിവിധ ദിവസങ്ങളിലായി എന്‍.എസ്. മാധവന്‍, കെ.ജി. ശങ്കരപിള്ള , കെ.വി. മോഹന്‍ കുമാര്‍, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി, ഡോ.ബാല ശങ്കര്‍, നമ്പി നാരായണന്‍ എന്നിവര്‍ പങ്കെടുക്കും.
കൂടാതെ കുട്ടികള്‍ക്ക് പ്രത്യേക പ്ലേ കോര്‍ണര്‍, ചിത്ര പ്രദര്‍ശനങ്ങള്‍, കാവ്യസന്ധ്യ, സംഗീത സദസ്, സാഹിത്യ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ചരടുപിന്നിക്കളി കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി.രഘു എന്നിവര്‍ സംബന്ധിച്ചു. കൂടാതെ, സമാജം സാഹിത്യ വിഭാഗം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ മിനേഷ് രാമനുണ്ണി, നജ്മുദ്ദീന്‍ , അഞ്ജു മിനേഷ് എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. വിജു കൃഷ്ണന്‍, ഗിരീഷ് ശര്‍മ്മ, എന്‍.പി.ബഷീര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ശ്രീജ ബോബി, ജോസി തോമസ് , സുബിത അഭിലാഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. അനില്‍ വേങ്കോട് ക്വിസിന് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."