ദേശീയപാത വികസനം: ജില്ലയില്‍ 63 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കുന്നു
ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ശക്തമായ സമരങ്ങള്‍ നടന്ന ജില്ലയില്‍നിന്ന് വീണ്ടും സ്ഥലമേറ്റെടുക്കുന്നു. നേരത്തെ ഏറ്റെടുത്ത സ്ഥലങ്ങള്‍ക്കുപുറമേ വിവിധ താലൂക്കുകളിലായി 63 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്്. 155.676 ഏക്കര്‍ ഭൂമി കൂടി വിട്ടുനല്‍കേണ്ടിവരുന്നതോടെ ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കുടിയൊഴുപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടും. പൊന്നാനി മുതല്‍ ഇടിമുഴിക്കല്‍ വരെ 76 കിലോമീറ്റര്‍ ദൂരമാണ് ജില്ലയില്‍ ദേശീയപാത വികസിപ്പിക്കേണ്ടത്.
ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ അവസാനവട്ട ഹിയറിങ് നടന്നുകൊണ്ടിരിക്കെയാണ് അണിയറയില്‍ ഭൂമി കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 400 ഏക്കറിലധികം വരുന്ന സ്ഥലത്തെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.എ ആക്ടിലെ വകുപ്പ് 3 എ പ്രകാരം നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. ഇതില്‍ വ്യാപകമായ തെറ്റുകള്‍ സംഭവിച്ചതിനാല്‍ അധികമായി 63 ഹെക്ടര്‍ ഭൂമികൂടി വേണമെന്നും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായി ബന്ധപ്പെട്ട വിവരം കേന്ദ്ര സര്‍ക്കാരിന്റെ എല്‍.എ പോര്‍ട്ടലില്‍ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
പൊന്നുംവിലക്ക് ഭൂമി ഏറ്റെടുക്കാന്‍ നേട്ടിഫിക്കേഷന്‍ ഇറക്കിയ ചില വില്ലേജുകള്‍ തെറ്റായി ഒഴിവായി പോയതായും സര്‍ക്കാര്‍ പറയുന്നു. ഇവിടെയും പുതുക്കിയ എല്‍.എ ആക്ട് 3 എ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രാലയത്തിന് നവംബര്‍ നാലിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് പുതിയ സ്ഥലങ്ങളില്‍കൂടി ഭൂമി ഏറ്റെടുക്കല്‍ നടക്കും.
നേരത്തെ വിജ്ഞാപനം നടത്തിയസ്ഥലങ്ങളില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 3 ഡി വകുപ്പ് പ്രകാരമുള്ള നൂറുശതമാനം നടപടികളും 2019 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും വീണ്ടും ഭൂമിഏറ്റെടുക്കുന്നത് ഇരകളെ വീണ്ടും ആശങ്കയിലാക്കുന്നതാണ്. മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയും ജില്ലാ കലക്ടറും നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള മതിയായ തുക വകയിരുത്തുന്നത് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."