വിസ്മയ ശ്യാം
'അധ്യാപകന്‍ ജയിക്കുന്നതു വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍ തോല്‍ക്കുമ്പോഴാണ് ' എന്നു പറഞ്ഞുകൊണ്ടാണ് ഡോ. ശ്യാം അന്ന് കാംപസിലുടനീളം നടന്നത്. ഒരു സ്വകാര്യ ചാനല്‍ നടത്തിയ 'കുട്ടികളോടാണോ കളി' എന്ന റിയാലിറ്റി ഷോയില്‍ അവസാന റൗണ്ടില്‍ വിദ്യാര്‍ഥികളോട് മത്സരിച്ചുതോറ്റ ശേഷം മടങ്ങിയെത്തിയപ്പോള്‍, ഞങ്ങള്‍ സഹ അധ്യാപകരും വിദ്യാര്‍ഥികളും വിശേഷങ്ങളറിയാന്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടിയതായിരുന്നു സന്ദര്‍ഭം.
[caption id="attachment_397810" align="alignleft" width="184"] ശ്യാം പ്രസാദ്[/caption]
സെറിബ്രല്‍ പാള്‍സി എന്ന അതിമാരകമായ വൈകല്യം ജന്മനാ കൂട്ടുണ്ടായിട്ടും, ഗവേഷണ ബിരുദമായ ഡോക്ടറേറ്റ് നേടി, ഇന്ത്യയിലെ ഏറ്റവും മുന്തിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ കേന്ദ്ര സര്‍വകലാശാലകളിലൊന്നില്‍ സാമ്പത്തിക ശാസ്ത്രവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപനം തുടരുന്ന ശ്യാം പ്രസാദ് ഒരു കൗതുകം മാത്രമല്ല. ഭാവിവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന ഒരു അപൂര്‍വ പ്രതിഭ കൂടിയാണ്. മലയാളത്തിന്റെ സ്റ്റീഫന്‍ ഹോക്കിങ് ആണ് പല അര്‍ഥത്തിലും ശ്യാം. 'എനിക്ക് സാധ്യമെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ' എന്നാണ് ശ്യാം വിദ്യാര്‍ഥികളോട് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നത്. ഡോ. ശ്യാം പ്രസാദ് പഠിപ്പിക്കുന്ന സ്ഥാപനം എന്ന ഖ്യാതിയിലായിരിക്കും കാസര്‍കോട് ആസ്ഥാനമായ കേരളാ കേന്ദ്ര സര്‍വകലാശാല ഇനി അറിയപ്പെടുകയെന്ന് ഞങ്ങള്‍ സന്തോഷപ്പെടാറുണ്ട് പലപ്പോഴും.
സെറിബ്രല്‍ പാള്‍സിയും ശ്യാമും
[caption id="attachment_397811" align="alignleft" width="360"] മന്ത്രി ഡോ. തോമസ് ഐസകിനൊപ്പം ശ്യാം പ്രസാദ്[/caption]
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവച്ചാല്‍ 'പ്രതിഭ'യില്‍, അധ്യാപക ദമ്പതികളായ പ്രഭാകരനും ഉഷയ്ക്കും 1961 മാര്‍ച്ച് 21നു പിറന്ന ഉണ്ണിക്ക്, ലേബര്‍ റൂമില്‍നിന്നു പുറത്തുകൊണ്ടുവന്നപ്പോള്‍ യാതൊരുവിധ അപാകതയുമുണ്ടായിരുന്നില്ല. ഓമനത്തം തുളുമ്പിനില്‍ക്കുന്ന ഒരാണ്‍കുഞ്ഞിനെ കിട്ടിയപ്പോള്‍ ഡോക്ടര്‍മാരോ ബന്ധുക്കളോ തിരിച്ചറിഞ്ഞുമില്ല, ആ കുഞ്ഞ് സമൂഹത്തിലേക്ക് പിച്ചവയ്ക്കുക വൈകല്യത്തിന്റെ ഒറ്റപ്പെടലുകളിലേക്കായിരിക്കുമെന്ന്.
അപ്പുവെന്ന ഓമനപ്പേരില്‍ ശ്യാം വളര്‍ന്നു തുടങ്ങിയപ്പോഴാണ് സെറിബ്രല്‍ പാള്‍സി എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് തങ്ങളുടെ കുഞ്ഞ് നടന്നടുക്കുന്നതെന്ന് മാഷും ടീച്ചറും തിരിച്ചറിയുന്നത്. മൂന്നുമാസം പ്രായമായ കുഞ്ഞിനെ പരിശോധിച്ച ഡോക്ടറില്‍നിന്നാണ് സെറിബ്രല്‍ പാള്‍സി എന്ന വാക്ക് ഈ ദമ്പതികളുടെ മനസില്‍ തറയ്ക്കുന്നത്.
'എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ക്കെന്താ അമ്മേ ഒരുതരം വല്ലാത്ത നോട്ടം?' എന്നു ചോദിച്ചുതുടങ്ങിയ അപ്പുവിനെ അതില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ആ അച്ഛനമ്മമാര്‍ നടത്തിയ ഭഗീരഥപ്രയത്‌നവും, തോല്‍ക്കാന്‍ താന്‍ തയാറല്ലെന്ന അപ്പുവിന്റെ ദൃഢനിശ്ചയവുമാണ് ഇന്നു നമ്മെ അതിശയിപ്പിക്കുന്ന ഡോ. ശ്യാം പ്രസാദ് എന്ന പ്രതിഭാധനനായ അധ്യാപകനെ സൃഷ്ടിച്ചത്.
തലച്ചോറിനു സംഭവിക്കുന്ന വൈകല്യമോ ക്ഷതമോ കാരണം ശരീരത്തിലെ നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന തകരാറിനെയാണ് വൈദ്യശാസ്ത്രം സെറിബ്രല്‍ പാള്‍സി എന്നു വിളിക്കുന്നത്. അമ്മയുടെ ഗര്‍ഭാവസ്ഥയിലോ ജനന സമയത്തോ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ക്ഷതം സംഭവിക്കാവുന്നതാണ്. ശരീരത്തിന്റെ വളര്‍ച്ച മുരടിക്കുക, പേശികള്‍ക്കു ചലനവും നിയന്ത്രണവും നഷ്ടപ്പെടുക, സംസാരത്തില്‍ അവ്യക്തത കൂടുക, അപ്രതീക്ഷിതമായി ബലഹീനതയുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളാണ് ഈ രോഗാവസ്ഥയുടെ ബാക്കിപത്രം.
ആദ്യമൊരു ഞെട്ടലായിരുന്നു. എന്നാല്‍, നേര്‍ച്ച നേരാനോ ജാതകം കുറിക്കാനോ മന്ത്രവാദപ്പുരകളിലിരിക്കാനോ ശാസ്ത്രാധ്യാപിക കൂടിയായ ഉഷ ടീച്ചര്‍ തയാറായില്ല. തളരരുത് എന്നോര്‍മിപ്പിച്ചുകൊണ്ട് പ്രഭാകരന്‍ മാഷും ടീച്ചറോടൊപ്പം കൂടെത്തന്നെ നിന്നു. ജന്മവൈകല്യത്തെ വൈദ്യശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു തോല്‍പ്പിക്കുക- അതായിരുന്നു അവര്‍ കണ്ട വഴി. ഫിസിയോ തെറാപ്പിയും മറ്റു ചികിത്സാവിധികളുമായി ഒരു വീട് വിധിയോട് പടപൊരുതി.
'എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ക്കെന്താ അമ്മേ ഒരുതരം വല്ലാത്ത നോട്ടം?' എന്നു ചോദിച്ചുതുടങ്ങിയ അപ്പുവിനെ അതില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ആ അച്ഛനമ്മമാര്‍ നടത്തിയ ഭഗീരഥപ്രയത്‌നവും, തോല്‍ക്കാന്‍ താന്‍ തയാറല്ലെന്ന അപ്പുവിന്റെ ദൃഢനിശ്ചയവുമാണ് ഇന്നു നമ്മെ അതിശയിപ്പിക്കുന്ന ഡോ. ശ്യാം പ്രസാദ് എന്ന പ്രതിഭാധനനായ അധ്യാപകനെ സൃഷ്ടിച്ചത്.
അക്ഷരങ്ങളിലേക്ക് ചുവടുവച്ച്
[caption id="attachment_397811" align="alignright" width="360"] മന്ത്രി ഡോ. തോമസ് ഐസകിനൊപ്പം ശ്യാം പ്രസാദ്[/caption]
വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന അപ്പുവിന് ബുദ്ധിവികാസമുണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് അവനെ ചികിത്സിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിഷ്യന്മാരിലൊരാളായ ഡോ. കെ.കെ മനുവായിരുന്നു. അപ്പു ഒരിക്കലും ഒരു സ്‌പെഷല്‍ സ്‌കൂളില്‍ എത്തരുതെന്ന നിര്‍ബന്ധം ഡോക്ടര്‍ക്കുണ്ടായത് ശ്യാം ഇന്നു കാണിക്കുന്ന അത്ഭുതങ്ങള്‍ക്കു നിമിത്തമായി.
വിരലുകളില്‍ പെന്‍സില്‍ പിടിപ്പിക്കുക എന്നതായിരുന്നു അപ്പുവിന്റെ ഹരിശ്രീയിലെ ആദ്യത്തെ വെല്ലുവിളി. ബലം കൂടിയ പേശിയില്‍ ചലനത്തോട് കെറുവ് കാണിച്ച ആ വിരലുകളില്‍ റബര്‍ ബാന്‍ഡിട്ട് ഡോക്ടര്‍മാര്‍ അവനെ എഴുത്തിനിരുത്തി. വേദനിക്കുന്ന വിരലുകളോടു കുറച്ചുനേരം പിണങ്ങുമെങ്കിലും നിര്‍ബന്ധബുദ്ധി നിലനിര്‍ത്തി അവന്‍ തന്നെ പെന്‍സിലുകളെ തന്റെ പേശീബലത്തിനു മുന്നില്‍ തോല്‍പിച്ച് അക്ഷരങ്ങളാക്കി പരിവര്‍ത്തനം ചെയ്തു.
അകറ്റിനിര്‍ത്തലും അമിത പരിഗണനയും നല്‍കി തങ്ങളുടെ മകന്റെ വ്യക്തിത്വത്തെ നശിപ്പിക്കരുതെന്ന അപേക്ഷയുമായി വിദ്യാലയമുറ്റങ്ങളിലൂടെ, അവന്റെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ചുറ്റും ആ മാതാപിതാക്കള്‍ കറങ്ങിത്തിരിഞ്ഞുനടന്നു. 'അപ്പുവേട്ടന്റെ കഴുത്തെന്താ ഇങ്ങനെ?' എന്നു ചോദിച്ച കുടുംബത്തിലെ കുട്ടികളോട്, 'എടാ, അത് അവിടുത്തെ സ്‌ക്രൂ ഒരല്‍പം ഇളകിപ്പോയതാ..' എന്നു പറഞ്ഞ് അപ്പു തന്നെ ചിരിക്കു തിരികൊളുത്തി.
''അവന്റെ ആവശ്യങ്ങളോട് 'നോ' പറയാതിരിക്കലായിരുന്നു ഞങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന നയം. അത് സിനിമ കാണാന്‍ പോകണമെന്ന ആവശ്യമായാലും കളിക്കാന്‍ വിടണമെന്ന വാശിയായാലും ശരി..''-പ്രഭാകരന്‍ മാഷിന്റെ വാക്കുകള്‍. നവോദയ വിദ്യാലയത്തില്‍നിന്നു വിരമിച്ച അദ്ദേഹം തന്റെ ഗണിതശാസ്ത്ര അധ്യാപനകാലയളവില്‍ 'വിത്തൗട്ട് മാതമാറ്റിക്‌സ്, ഈ ഭൂഗോളം വട്ടപ്പൂജ്യം' എന്നു വാശിപിടിച്ചില്ല. യാഥാര്‍ഥ്യങ്ങളെ അതിന്റെ എല്ലാ അര്‍ഥത്തിലും തിരിച്ചറിയാനും, അതു വളരെ ലളിതമായി ഉള്‍ക്കൊള്ളാനും കഴിഞ്ഞ നിമിഷങ്ങളിലൂടെയാണ് അപ്പു, ഡോ. ശ്യാം പ്രസാദ് എന്ന ഇക്കണോമിസ്റ്റിലേക്ക് ഉയിരാര്‍ന്നു തുടങ്ങിയത്.
ഉന്നതങ്ങളിലേക്ക്
[caption id="attachment_397814" align="alignleft" width="360"] ക്ലാസ് മുറിയില്‍[/caption]
പേശീബലം കൊണ്ട് പെട്ടെന്നു വഴങ്ങാത്ത കൈവിരലുകള്‍ സൃഷ്ടിക്കുന്ന പരിമിതി മറികടക്കാനാണ് പ്ലസ്ടുവിന് ശ്യാം കൊമേഴ്‌സ് തിരഞ്ഞെടുത്തത്. അതും മാതമാറ്റിക്‌സ് കോമ്പിനേഷനോടുകൂടി. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ ഇക്കണോമിക്‌സില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്നതിനിടയില്‍ 'ഒരു സെറിബ്രല്‍ പാള്‍സിക്കാരന് ഇത്രയൊക്കെ സാധിക്കുമോ?' എന്ന മട്ടില്‍ സംശയം പ്രകടിപ്പിച്ചത് സഹപാഠികള്‍ മാത്രമായിരുന്നില്ല. അധ്യാപകരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ ആ വര്‍ഷത്തെ പി.ജി ഇക്കണോമിക്‌സ് പരീക്ഷയില്‍ റാങ്ക് നേടിക്കൊണ്ട് ശ്യാം അവരുടെ സംശയങ്ങള്‍ക്ക് ചെറുപുഞ്ചിരിയോടെ മറുപടി നല്‍കി.
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ഫില്‍ ചെയ്യുന്നതിനിടയില്‍ ശ്യാമിനെ ഏറ്റവും സ്വാധീനിച്ച അധ്യാപകന്‍ ഇന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആയിരുന്നു. 'വാര്‍ധക്യത്തിലെ ദാരിദ്ര്യവും സമൂഹത്തിന്റെ അവഗണനയും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് സമ്പാദിച്ച് ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍ റിസര്‍ച്ച് ഓഫിസറായി കരിയറിനും മികച്ച തുടക്കമിട്ടു. മുംബൈ ആസ്ഥാനമായ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ചില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായി കുറച്ചുകാലം. ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന അക്കാദമിക കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കേരളാ കേന്ദ്ര സര്‍വകലാശാലയിലിരുന്ന് ഇപ്പോള്‍ ശ്യാം തന്റെ വിദ്യാര്‍ഥികളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒറ്റ കാര്യമാണ്:
'ഇംപൊസിബിള്‍ എന്നത് ഐ ആം പൊസിബിള്‍ എന്ന് മാറ്റിയെടുക്കൂ...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."