സ്‌കൂള്‍ കാമറനിരീക്ഷണത്തിലാക്കാന്‍ ആലോചന
ആനക്കര: വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സൈ്വരജീവിതം തകര്‍ക്കുന്നവിധത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹ്യവിരുദ്ധരെ കുടുക്കാന്‍ സ്‌കൂള്‍ കാമറനീരിക്ഷണത്തിലാക്കാന്‍ ആലോചന.
പ്രമുഖര്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കുറച്ചുകാലമായി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അസഹനീയമായിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ വിദ്യാലയത്തില്‍വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത്.
കുട്ടികളുടെ ശൗച്യാലയങ്ങള്‍ വൃത്തികേടാക്കുകയും ഇവയുടെ വാതിലുകള്‍ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ക്ലാസുമുറികളില്‍ കയറി മലമൂത്രവിസര്‍ജ്ജനം നടത്തുകയും സ്‌കൂള്‍ കോമ്പൗണ്ട് മദ്യവിപണനത്തിന് ഉപയോഗപെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ മദ്യം നിറച്ചകുപ്പികളും മറ്റും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ രാജന്‍മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്.
രാഷട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേകസ്‌കൂള്‍ സംരക്ഷണസമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. തൃത്താല പൊലിസിന്റെ പട്രോളിംങ്ങ് ശക്തമാക്കാനും കുട്ടികളുടെ യാത്രാപ്രശ്‌നപരിഹാരമായി സ്‌കൂള്‍ വിടുന്നസമയം പൊലിസ് കാവലും ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."