വിലക്കയറ്റം: പൊതുവിപണിയില്‍ റെയ്ഡ് നടത്തി
കൊല്ലം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിനും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം താലൂക്ക് മോണിറ്ററിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, പൊലിസ്, ലേബര്‍, ഹെല്‍ത്ത്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി.
ചാത്തന്നൂരില്‍ നടന്ന റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വില വിവര പ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 12 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് കേസെടുത്തു. സര്‍ക്കാര്‍ സബ്സിഡിയോടു കൂടിയുള്ള ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വ്യാവസായികമായി ഹോട്ടലില്‍ ഉപയോഗിച്ചത് കണ്ടെത്തുകയും സിലിണ്ടര്‍ കണ്ടുകെട്ടി കേസെടുക്കുകയും ചെയ്തു. ചാത്തന്നൂരിലെ ഒരു പ്രമുഖ ഹോട്ടലിലെ ദുര്‍ഗന്ധം വമിക്കുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ കുഴിച്ചു മൂടുകയും സ്ഥാപന ഉടമയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.
പരിശോധനയില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബി.പി അനി, എസ്.ഐ. സോമരാജന്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇ.ഷെരീഫ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ലാല്‍കുമാര്‍, പി.ദീപ, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്പെക്ടര്‍ സാന്ദ്രജോണ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ബി. ഓമനക്കുട്ടന്, എസ്. മുരഹരക്കുറുപ്പ്, ജി.ബി ഹരികുമാര്‍, മാഹീന് അബൂബക്കര്‍, കെ.ഐ ശ്രീകുമാര്‍ പങ്കെടുത്തു.
താലൂക്ക് മോണിറ്ററിംഗ് സെല്ലിന്റെ ആഭമുഖ്യത്തില്‍ വരും ദിവസങ്ങളില്‍ താലൂക്കിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് താലൂക്ക് മോണിറ്ററിംഗ് സെല്‍ കണ്‍വീനറും താലൂക്ക് സപ്ലൈ ഓഫീസറുമായ വി.കെ തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."