മഴയില്‍ കുതിര്‍ന്ന് മസിനഗുഡിയിലേക്ക്
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍#
ബുള്ളറ്റില്‍ മലയോരക്കാടുകളിലൂടെ ഒരു യാത്ര, അതും മഴനനഞ്ഞ്. മസിനഗുഡിയിലെ മലയോരക്കാടുകളും മുതുമലയിലെയും ബന്ദിപൂരിലെയും കാടുകളും ചെറിയ അരുവികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കും കണ്ടായിരുന്നു ഈ യാത്ര. മഴവന്നപ്പോള്‍ വീണ്ടും സഞ്ചാരിക്കാന്‍ തോന്നും. മഴ നനഞ്ഞ് ബൈക്കോടിക്കാനിഷ്ടപ്പെടുന്നവര്‍ക്കു വീണ്ടും വീണ്ടും പോവാന്‍ തോന്നിപ്പിക്കുന്നൊരു വഴി. ഒരിക്കലും തീരാത്ത യാത്രകളാണ് മസിനഗുഡി സഞ്ചാരികള്‍ക്കായ് ഒളിപ്പിച്ചുവച്ചിട്ടുള്ളത്. ഏതു ദിക്കില്‍ പോയാലും കാണാന്‍ കൊതിക്കുന്ന കാടുകളും മലകളും മാത്രം.
മഴ നനഞ്ഞു തണുത്തുവിറച്ച് ഞങ്ങള്‍ കാട്ടിലൂടെ യാത്ര തുടര്‍ന്നു. കാഴ്ചകള്‍ ഓരോ യാത്രയിലും പുതിയ അനുഭവങ്ങള്‍ പകരുന്നതായിരുന്നു. കാടും മഴയും ബുള്ളറ്റും കൂടിച്ചേരുമ്പോള്‍ വല്ലാത്തൊരു അനുഭവമാണ്. കാടുപൂക്കുന്ന കാലത്ത് കാറ്റിനൊപ്പം ഒരു കാട്ടുയാത്ര. കാട്ടുപോത്തുകളും മാനുകളും ആനകളും മയിലുകളും മഴ നനഞ്ഞ് കാട്ടിലെ പുല്‍ത്തകിടില്‍ ഞങ്ങളെയും നോക്കിയെന്നവണ്ണം നില്‍പ്പുണ്ടായിരുന്നു. റൈഡിങ്ങും കാഴ്ചകാണലും ഒരുമിച്ചു നടക്കില്ല. ആ വിഷമത്തിലായിരുന്നു ഓരോ ഇടവും പിന്നിട്ടത്. എങ്കിലും പ്രകൃതിമനോഹാരിത നിറഞ്ഞ കാട്ടിലെ കാഴ്ചകള്‍ പിടിച്ചുനിര്‍ത്തി. യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഞങ്ങള്‍ക്കായി അവിടെ പ്രകൃതി ഒരുക്കിവച്ചിരുന്നു. വണ്ടിനിര്‍ത്തി ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ചു.
നാടുകാണിച്ചുരത്തിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ചുരം കയറുന്ന വാഹനങ്ങള്‍ക്കുപിറകില്‍ ഏറെ പ്രയാസപ്പെട്ടാണു യാത്ര. തമിഴ്‌നാട് അതിര്‍ത്തിവരെ റോഡ് പൂര്‍ണമായും തകര്‍ച്ചയിലാണ്. ചുരത്തിലൂടെയുള്ള ബുള്ളറ്റ് യാത്രയുടെ സൗന്ദര്യം ആസ്വദിക്കാനായത് തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോഴാണ്. വഴിവക്കില്‍ നിറയെ മാതളനാരങ്ങ വില്‍പ്പനയ്ക്കുവച്ചിട്ടുണ്ട്. ഒരെണ്ണം വാങ്ങി രുചിച്ചുനോക്കി. നല്ല പുളി.. അവിടെയുള്ള മിക്ക വീടുകളിലും മാതളനാരങ്ങ വളരുന്നുണ്ട്. നാലു മണിയോടെ മസിനഗുഡിയിലെത്തി. ദസറ ആഘോഷമായതിനാല്‍ സഞ്ചാരികളുടെ തിരക്കാണവിടെ. ഏറെ പണിപ്പെട്ടാണു താമസസ്ഥലം ശരിയായത്.
പ്രകൃതിക്കാഴ്ചയുടെ
പറുദീസ
പച്ചപുതച്ചു നില്‍ക്കുന്ന മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് മസിനഗുഡി. ദക്ഷിണേന്ത്യയുടെ കശ്മിരായ ഊട്ടിയില്‍നിന്ന് 30 കിലോമീറ്ററും ഗൂഡല്ലൂരില്‍നിന്ന് 25 കിലോമീറ്ററും അകലത്തില്‍ കല്ലട്ടി ചുരത്തിന്റെ താഴ്‌വാരത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. സിംഗാര, മോയാര്‍ എന്നീ ഡാമുകളും മസിനഗുഡിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
വെളിച്ചം പരക്കുംമുന്നെ ഞങ്ങള്‍ കാട്ടിലേക്കൊരു ജീപ്പ് സവാരി നടത്തി. അങ്ങോട്ട് ബുള്ളറ്റുകള്‍ക്കു പ്രവേശനമില്ല. പള്ളിയില്‍നിന്നു പരിചയപ്പെട്ട അബ്ദുല്‍ അസീസ് എന്നു പേരുള്ള ഡി.എം.കെ നേതാവാണ് ഞങ്ങളുടെ ഗൈഡ്. മഞ്ഞു പുതച്ചുനില്‍ക്കുന്ന ഉള്‍ക്കാടില്‍ നൂറുകണക്കിനു മാന്‍കൂട്ടങ്ങളെ കണ്ടു. മയിലുകളും കാട്ടുതാറാവുകളും കാട്ടുകോഴികളും കാഴ്ചയുടെ പറുദീസയാണ് ഞങ്ങള്‍ക്കു സമ്മാനിച്ചത്.
മോയാര്‍.. വന്യമൃഗങ്ങള്‍ സൈ്വര്യമായി വിഹരിക്കുന്ന കാട്. ഒരു ചെറിയ ഡാമും തനി തമിഴ്‌നാടന്‍ ഗ്രാമവുമാണ് മായാര്‍. നിറയെ കന്നുകാലികളും ചെമ്മരിയാടിന്‍കൂട്ടങ്ങളും. കുറച്ചകലെ പോയാല്‍ സിങ്കാര എന്ന വനപ്രദേശവും കാണാം. വിനോദസഞ്ചാരത്തെ ആശ്രയിച്ചു ജീവിതം നയിക്കുന്നവരാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. 1978 മുതല്‍ മോയാറുകാര്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു ജീവിതം കരുപ്പിടിപ്പിച്ചവരാണ്; അന്ന് മസിനഗുഡിക്കാരുടെ യഥാര്‍ഥ വരുമാനമാര്‍ഗം കൃഷിയാണെങ്കിലും. ഉരുളക്കിഴങ്ങും മറ്റുമായി നിരവധി കൃഷിയിടങ്ങള്‍ അവിടവിടെ കണ്ടു.
കാലി വളര്‍ത്തലാണു നാട്ടുകാരുടെ മറ്റൊരു പ്രധാന ജീവിതോപാധി. നിറയെ പശുക്കളാണു പാതയോരങ്ങളിലെല്ലാം. ഒരിടത്തുവച്ച് ഒരു കാള എന്നെ കുത്തിമറിച്ചിടാനും ശ്രമിച്ചു. ഭാഗ്യത്തിനാണു രക്ഷപ്പെട്ടത്. കല്ല്യാണാലോചനകള്‍ പോലും വീട്ടിലുള്ള കന്നുകാലികളുടെ എണ്ണത്തെ ആശ്രയിച്ചുനടന്ന ഒരു കാലഘട്ടം ഇവര്‍ക്കുണ്ടായിരുന്നു. 1990കള്‍ മുതല്‍ക്കുതന്നെ ഇവര്‍ കാലിവളര്‍ത്തലായിരുന്നു ജീവിതമാര്‍ഗമായി സ്വീകരിച്ചത്. ഇവിടുത്തെ കാലികളുടെ ചാണകത്തിന് കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും വന്‍ ഡിമാന്‍ഡായിരുന്നു അക്കാലത്ത്. ദിവസവും നൂറുകണക്കിനു ചാണകം നിറച്ച വാഹനങ്ങള്‍ മസിനഗുഡിയില്‍നിന്നു പുറപ്പെടാറുണ്ടായിരുന്നു.
എന്നാല്‍, 2000 ആയതോടെ കാലിവളര്‍ത്തലില്‍നിന്ന് മസിനഗുഡിക്കാര്‍ അല്‍പം പിന്നോട്ടുപോയി. ഈ സമയത്താണു വിനോദസഞ്ചാരികള്‍ മസിനഗുഡിയെ ലക്ഷ്യമാക്കി കൂടുതല്‍ എത്താന്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാര്‍ വിനോദസഞ്ചാരത്തിലേക്കു തിരിഞ്ഞു. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ ജീപ്പുകള്‍ വാങ്ങി. ജീപ്പില്‍ വിനോദസഞ്ചാരികളെ വനത്തിന്റെ മുക്കിലും മൂലയിലുംവരെ ഇവരെത്തിക്കും. രണ്ടര മണിക്കൂര്‍ ജീപ്പ് സവാരിക്ക് 1,300 രൂപയാണു വാടക. ഒരിക്കലും നഷ്ടം വരില്ല.
ഓഫ് റോഡിലൂടെ
ജീപ്പ് സവാരി
ഓഫ് റോഡ് സഞ്ചാരമാണ് ഏറ്റവും ആകര്‍ഷണീയമായത്. അനധികൃതമായി കാട്ടിലൂടെ കയറിയാണ് ഞങ്ങളുടെ ജീപ്പ് പോയത്. മലയുടെ ഉച്ചിയില്‍നിന്നു താഴോട്ടുള്ള കാഴ്ച അതിമനോഹരമാണ്. കോടമഞ്ഞ് മുലക്കച്ചകെട്ടിയ വലിയ മലനിര കാണാം. സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. തിരികെവരുമ്പോള്‍ ദുര്‍ഘടമായ മറ്റൊരു വഴിയിലൂടെയാണ് ജീപ്പ് ഞങ്ങളെ കൊണ്ടുപോയത്. വളഞ്ഞും ചെരിഞ്ഞും ജീപ്പ് ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു. മലയുടെ ഉച്ചിയില്‍ ഒരു കോവിലുണ്ട്. മുകളില്‍ നല്ല തണുപ്പാണ്.
രാവിലത്തെ ജീപ്പ് സവാരിക്കുശേഷം ഞങ്ങള്‍ ബുള്ളറ്റുമായി ആദ്യമിറങ്ങിയത് ഡാം കാണാനാണ്. കാട്ടിലൂടെ ഏറെ സഞ്ചരിക്കണം ഡാമിലെത്താന്‍. അപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. മഴയും കാടും പൊഴിക്കുന്ന സംഗീതം. ആനയുടെ ഗന്ധം കാട്ടിലാകെ പടര്‍ന്നിരിക്കുന്നു. വിവിധയിനം പക്ഷികളുടെ ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാനാകുന്നുണ്ട്. കുറേയകലെ പോയപ്പോള്‍ ഒരു അരുവിയുണ്ട്. ചില സഞ്ചാരികള്‍ അവിടെ അലക്കുകയും കുളിക്കുകയും ചെയ്യുന്നു. അല്‍പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് ഡാമിലേക്കു പ്രവേശനം അനുവദിച്ചില്ല.
കടുവാസങ്കേതത്തില്‍
നേരെ ബന്ദിപൂരിലേക്കു തിരിച്ചു. മഴയല്‍പം കുറഞ്ഞിരിക്കുന്നു. കര്‍ണാടക അതിര്‍ത്തി കടന്നതും മഴ ശക്തമായി. മാന്‍കൂട്ടങ്ങളല്ലാതെ മറ്റു മൃഗങ്ങളെയൊന്നും അവിടെയൊന്നും കാണാനായില്ല. ചെറുതും വലുതുമായ മരങ്ങള്‍ക്കിടയില്‍ പാമ്പുപോലെ പുളഞ്ഞുപോകുന്ന റോഡ്. മഴത്തുള്ളികള്‍ ഭൂമിതൊട്ടപ്പോഴേക്കും മരങ്ങളെല്ലാം ഇളംപച്ചയുടുപ്പിട്ടു സുന്ദരികളായിരിക്കുന്നു. ചരക്കുലോറികള്‍ ഇടയ്ക്കിടയ്ക്ക് ആര്‍ത്തലച്ചു കടന്നുപോയ്‌ക്കൊണ്ടിരുന്നു.
ബന്ദിപൂര്‍ കടുവാസങ്കേതത്തിലൊരു സവാരിയാണു ലക്ഷ്യം. 'ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ് ', ഞങ്ങള്‍ക്കുമുന്നില്‍ ബോര്‍ഡ് തെളിഞ്ഞു. എന്നിട്ടും കിലോമീറ്ററോളം കാടു തന്നെ. കാഴ്ചകള്‍ കാണുന്നതിനിടെ മനസില്‍നിന്നിറങ്ങിയ കരടിയും പുലിയും കടുവയുമൊക്കെ വീണ്ടും എത്തിനോക്കിത്തുടങ്ങി. ജംഗിള്‍ സവാരിക്കുള്ള ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്ററുമുള്ള റിസപ്ഷനിലെത്തിയപ്പോള്‍ മണി പതിനൊന്ന്. മൂന്നരയ്ക്കാണത്രേ ആദ്യത്തെ സവാരി. ആ സമയത്തുതന്നെ ഞങ്ങളെപ്പോലെ ചില സഞ്ചാരികള്‍ അവിടെയെത്തിയിട്ടുണ്ട്. മൂന്നുമണിക്ക് ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കണം.
റിസപ്ഷനു തൊട്ടടുത്തുതന്നെ കാട്ടുമൃഗങ്ങളെയും വനസംരക്ഷണത്തെയും കുറിച്ചു വിവരങ്ങള്‍ തരുന്ന ഇന്റര്‍പ്രട്ടേഷന്‍ സെന്ററുണ്ട്. കുറച്ചു നടന്നാല്‍ മരങ്ങളുള്ള പുല്‍മേടുകളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളും കണ്ടു. മരങ്ങളിലും മേട്ടിലും കുരങ്ങന്മാര്‍ ഓടിനടന്നു കുസൃതി കാട്ടുന്നു. ഇത്തിരി മാറിയൊരു മാഞ്ചുവട്ടില്‍ പരസ്പരം പേന്‍ നോക്കിയും തലോടിയും റൊമാന്‍സ് പങ്കിടുന്ന കപിദമ്പതികള്‍. കുഞ്ഞുങ്ങളെ മാറത്തടക്കിപ്പിടിച്ചു നടക്കുന്ന അമ്മക്കുരങ്ങുകള്‍.
സവാരിക്കു നില്‍ക്കാതെ ഞങ്ങള്‍ തിരിച്ചു. മഴ കൂടുതല്‍ ശക്തമാവുകയാണ്. വസ്ത്രമെല്ലാം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഷൂവിനുള്ളില്‍ നിറയെ വെള്ളമാണ്. കാട്ടിലൂടെ കോരിച്ചൊരിയുന്ന മഴയില്‍ അതിയായ ആഹ്ലാദത്തോടെ നേരെ ഗൂഡല്ലൂരിലേക്കു പിടിച്ചു. തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ ഇടയ്ക്കു മഴ കുറഞ്ഞെങ്കിലും ഗൂഡല്ലൂരില്‍ മഴ വീണ്ടും ശക്തമായി. മഴയെയും തോല്‍പ്പിച്ചു ഞങ്ങള്‍ ചുരമിറങ്ങി. കേരളാതിര്‍ത്തി എത്തിയപ്പോഴേക്കും മഴമാറി വെയില്‍ പൂത്തിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് ശരീരത്തെ പതിയെ തളര്‍ത്തിത്തുടങ്ങിയിരുന്നു. വഴിക്കടവിലെത്തിയപ്പോള്‍ നന്നായി ഭക്ഷണവും കഴിച്ച് അല്‍പം വിശ്രമവും കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു.. വീട്ടിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."