ജയില്‍ പെട്രോള്‍ പമ്പുകളുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം നടത്തി
തിരുവനന്തപുരം: ജയിലുകളിലെ തൊഴില്‍പരിശീലനങ്ങള്‍ ആധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളോടനുബന്ധിച്ച് ഐ.ഒ.സിയുടെ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍നിന്ന് പുറത്തിറങ്ങിയാലും ജീവിതം ഭദ്രമാക്കാനുള്ള തൊഴിലവസരമാണുണ്ടാക്കുന്നത്. പെട്രോള്‍ പമ്പുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്.
പൊതുജനങ്ങള്‍ക്ക് മികച്ചരീതിയില്‍ സേവനം നല്‍കുന്നതിനൊപ്പം അനേകം ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കി ആത്മവിശ്വാസം വളര്‍ത്താനും ഇത് സഹായിക്കും. പെട്രോള്‍ പമ്പുകളില്‍ മികച്ച സേവനത്തിനൊപ്പം മികച്ച ലാട്രിന്‍ സൗകര്യവും നല്‍കുന്ന രീതിയില്‍ വികസിപ്പിക്കണം.
പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന വിധം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി ഇവ നിര്‍മിക്കണം. ഈ സൗകര്യം പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, എല്ലായിടത്തും വിപുലമായി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനായി. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഐ.ഒ.സി ചീഫ് ജനറല്‍ മാനേജര്‍ വി.സി അശോകന്‍, നഗരസഭാ കൗണ്‍സിലര്‍ ഡോ. വിജയലക്ഷ്മി, മധ്യമേഖലാ ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന്‍, ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എം.കെ വിനോദ് കുമാര്‍, സിക്ക ഡയരക്ടര്‍ എം.ജി ഷീല സംബന്ധിച്ചു. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വിസസ് ഋഷിരാജ് സിങ് സ്വാഗതവും ജയില്‍ ആസ്ഥാന കാര്യാലയം ഡി.ഐ.ജി എസ്. സന്തോഷ് നന്ദിയും പറഞ്ഞു.
കേരളത്തില്‍ ജയിലുകളില്‍ കഴിഞ്ഞുവരുന്ന അന്തേവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, എന്നീ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പമ്പ് ആരംഭിക്കുന്നത്.
തിരുവനന്തപുത്ത് പൂജപ്പുര ജയിലിനോട് ചേര്‍ന്നുള്ള 25.1 സെന്റ് സ്ഥലത്താണ് പമ്പ് വരുന്നത്.
സെന്‍ട്രല്‍ ജയില്‍ പ്രസില്‍ ജോലി നോക്കിവരുന്ന അന്തേവാസികള്‍ക്ക് പ്രിന്റിങ് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."