ഔഷധഗുണങ്ങളുടെ കലവറയായി വാഴമലയിലെ കല്ലുവാഴകള്‍
പാനൂര്‍: അമൂല്യ ഔഷധഗുണങ്ങളുള്ള കല്ലുവാഴകള്‍ ആരുമുപയോഗിക്കാതെ നശിക്കുന്നു. പൊയിലൂരില്‍ വാഴമലയ്ക്കു ആ പേരു ലഭിച്ചതുതന്നെ കല്ലുവാഴകളുടെ നിറഞ്ഞസാന്നിധ്യത്താലാണ്. പഴത്തിന് സ്വാദുണ്ട് പക്ഷേ ഇതുതിന്നാന്‍ പറ്റില്ല. അമൂല്യമായ ഈ വാഴപ്പഴത്തിനുള്ളില്‍ നിറയെ ഉരുണ്ട കല്ലുകളാണ്. മൂത്ര സംബന്ധമായ അസൂഖങ്ങള്‍ക്ക് ഈ കല്ല് ദിവ്യ ഔഷധമാണെന്നാണ് വിശ്വാസം.
പഴത്തിനുള്ളിലെ കറുത്ത കല്ലുമണികള്‍ ഉണക്കി പൊടിച്ച് അര ക്ലാസ് ഇളം ചൂടുള്ള പാലില്‍ മൂന്നോ നാലോ ദിവസം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മൂത്രാശയ കല്ലുകള്‍ അലിഞ്ഞു പോവുമെന്നും വിഷത്തിന് ഔഷധം വിഷം തന്നെയെന്നതു പോലെ കല്ലിന് ഔഷധം കല്ല് തന്നെയാണെന്ന് ആയൂര്‍വേദ ഡോ. വീണ പറഞ്ഞു.
കിഡ്‌നിയിലെ കല്ലിനും ഇത് ഉത്തമമാണ്. എന്നാല്‍ പാറയ്ക്ക് മുകളില്‍ വളരുന്ന വാഴകള്‍ക്ക് മാത്രമേ ഈ ഔഷധ ഗുണം ഉണ്ടാവുകയുള്ളൂവെന്നാണ് ആയുര്‍വേദവിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം കല്ല് വാഴകള്‍ ആരുമുപയോഗിക്കാതെ വാഴമലയില്‍ പാഴാവുകയാണ്.
കല്ല് വാഴയുടെ പോള കീറിയാല്‍ ലഭിക്കുന്ന ദ്രാവകം ശരീരത്തിലേല്‍ക്കുന്ന പൊള്ളലുകള്‍ക്കും, വാഴയുടെ അടി ഭാഗത്തെ കാണ്ഡം ലൈംഗിക ഉത്തേജക ഔഷധമായും ഉപയോഗിക്കാം. ഒരു വാഴ കുലക്കാന്‍ ആറ് വര്‍ഷമെടുക്കും. കുലച്ച വാഴകള്‍ പിന്നീട് നശിച്ചു പോവുകയും ചെയ്യും.
കന്നുകള്‍ ഉണ്ടാവുന്നത് തന്നെ അപൂര്‍വമാണ്. പഴത്തിനുള്ളിലെ വിത്തുകള്‍ മുളപ്പിച്ചാണ് പുനരുദ്ധാരണം ഉണ്ടാവുന്നതെന്നും ഡോക്ടര്‍ വീണ പറഞ്ഞു.
കല്ലുവാഴയെ തേടി നിരവധിയാളുകള്‍ മുന്‍കാലങ്ങളില്‍ എത്തുമായിരുന്നെങ്കിലും ഇപ്പോള്‍ വാഴ തേടിയെത്തുന്നവര്‍ അപൂര്‍വമാണെന്നാണ് വാഴമലയില്‍ താമസിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."