പരീക്ഷ കുഴക്കിയില്ല; നാലാംതരം കടക്കുമെന്ന് ഇവര്‍ക്ക് ഉറപ്പ്
ചെറുവത്തൂര്‍: 'വാഴക്കുല' എന്ന കൃതി എഴുതിയതാര്?'... കല്യാണിയമ്മയ്ക്ക് ഉത്തരത്തിന്റെ കാര്യത്തില്‍ സംശയമേ ഉണ്ടായിരുന്നില്ല. 'ചങ്ങമ്പുഴ' എന്ന് കൃത്യമായി രേഖപ്പെടുത്തി. പിന്നീടുള്ള ചോദ്യങ്ങളും കുഴക്കിയില്ല. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. നാലാംതരം ജയിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പ്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഫിഷറിസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ 'അക്ഷര സാഗരം' തുല്യത പരിപാടിയിലൂടെ ജില്ലയില്‍ നാലാംതരം പരീക്ഷ എഴുതിയത് അഞ്ഞൂറോളം പേര്‍.
ചെറുവത്തൂര്‍, അജാനൂര്‍,പള്ളിക്കര, ഉദുമ, വലിയ പറമ്പ, മൊഗ്രാല്‍ പുത്തൂര്‍ എന്നിവടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പ്രായം തളര്‍ത്താത്ത ആവേശവുമായാണ് 'അക്ഷരോത്സവ'ത്തിനു പരീക്ഷാര്‍ഥികള്‍ എത്തിയത്. മലയാളം, ഇംഗ്ലിഷ്, നമ്മളും നമുക്കു ചുറ്റും, ഗണിതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ.
ജനപ്രതിനിധികള്‍, സാക്ഷരത പ്രേരക്മാര്‍, സാക്ഷരതാ മിഷനിലെയും, ഫിഷറീസ് വകുപ്പിലെയും ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കു സാക്ഷരതാ മിഷന്‍ നാലാംതരം തുല്യത സര്‍ട്ടിഫിക്കറ്റു നല്‍കും. തുടര്‍പഠനത്തിനും അവസരമുണ്ടാകും. 'അക്ഷരോത്സവം' ജില്ലാതല ഉദ്ഘാടനം കാടങ്കോട് ഗവ.ഫിഷറിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. 71 വയസു തികഞ്ഞ കെ.പി കല്യാണിയായിരുന്നു പ്രായം കൂടിയ പരീക്ഷാര്‍ഥി. 68 വയസായ കല്യാണി ടി.വി, 62 വയസായ ശ്രീദേവി എന്നിവരെല്ലാം പരീക്ഷ എഴുതി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. നാരായണന്‍ അധ്യക്ഷനായി. പി.സി സുബൈദ, സുരേഷ്, വി. നളിനി, നന്ദിനി, വി.വി ശ്യാംലാല്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."