അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മിരിലെ അനന്ത്നാഗ് ജില്ലയില്‍ ജൂലൈ 10ന് അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രദേശവാസികളായ മൂന്നു പേര് അറസ്റ്റില്‍. ബിലാല്‍ അഹമദ് റേഷി, ഐസാജ് വാഗേ, സഹൂര്‍ അഹമദ് എന്നീ കശ്മിര് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.
ലഷ്കറെ ത്വയ്ബ ഭീകരരെ സഹായിച്ചതിനാണ് ഇവരെ ജമ്മു കശ്മിര് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗറില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ജമ്മു കശ്മിര് പൊലിസ് മേധാവി മുനീര്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
ആക്രമണം നടത്തിയ നാല് ഭീകരര്‍ക്ക് ഭീകരരെ വിന്യസിക്കുന്നതിനായി സഹായം ചെയ്തുകൊടുത്തു എന്നതാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. നാലു ഭീകരര്‍ക്കും ഖുദ്വാനിയിലും ശ്രീഗുഫ്വാരയിലും താമസ സൗകര്യമൊരുക്കിക്കൊടുത്തതും വാഹന സൗകര്യമൊരുക്കിയതും ഇവരാണ്. ഇവരില്‍ ഒരാളാണ് ഭീകരര്‍ക്കായി സൈനിക നിരീക്ഷണം നടത്തിയത്. ആക്രമണം നടത്തുന്നതിനുള്ള സ്ഥലം കണ്ടെത്തിക്കൊടുത്തതും ഇവര്‍ ചേര്‍ന്നാണ്.
ആക്രമണം നടത്തിയ നാല് ഭീകരരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലിസ് മേധാവി അറിയിച്ചു. പാകിസ്താന് ഭീകരവാദിയായ അബു ഇസ്മാഈല്‍ ആണ് ഭീകരരുടെ നേതാവ്. ലഷ്കറെ ത്വയ്ബയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന യവാര്‍ എന്നയാളാണ് മറ്റൊരു ഭീകരന്.
രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ പാകിസ്താന് സ്വദേശികള്‍ തന്നെയാണെന്നാണ് അന്വേഷണസംഘം കരുതുന്നത്.
തിരിച്ചറിഞ്ഞ രണ്ടു പേരുടെയും ചിത്രങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ജൂലൈ 10നു നടന്ന ഭീകരാക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."