പ്രളയ ദുരിതാശ്വാസം അര്‍ഹരായവര്‍ക്ക് ഉടന്‍ എത്തണം: ഹൈദരലി തങ്ങള്‍
കോഴിക്കോട്: പ്രളയ ദുരിതാശ്വാസമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ ഉടന്‍ എത്തണമെന്നും അതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതിയുടെ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമുഖത്ത് ഒറ്റക്കെട്ടായി കൈകോര്‍ക്കാനും പരസ്പരം സഹായിക്കാനുമുള്ള കേരളീയ മനസ് ലോകത്തിനു മാതൃകയാണ്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും കേരളം നടുങ്ങിയപ്പോള്‍ നാം ഒന്നിച്ചുനിന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മുടെ നാടിനു വേണ്ടി നാം യത്നിച്ചു. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയ മുഴുവന്‍ സംവിധാനങ്ങളെയും സമസ്ത അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട്.
പുറം നാട്ടുകാരും നമ്മെ വേണ്ടുവോളം സഹായിച്ചു. എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞു ഹാജി, സത്താര്‍ പന്തല്ലൂര്‍, കാളാവ് സൈതലവി മുസ്ലിയാര്, പാലത്തായി മൊയ്തു ഹാജി, എസ്.കെ ഹംസ ഹാജി, പി.കെ മുഹമ്മദ് ഹാജി, എം.എം മൊയ്തീന് മുസ്ലിയാര് പ്രസംഗിച്ചു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."