മെഡിക്കല്‍ വിദ്യാഭ്യാസം, സഹകരണ ഭേദഗതി ബില്ലുകള്‍ സബ്ജക്റ്റ് കമ്മിറ്റിക്ക്
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനിടയില്‍ രണ്ടു ബില്ലുകള്‍ ചര്‍ച്ചയില്ലാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സഹകരണസംഘ നിയമം ഭേദഗതി ചെയ്യുന്നതിനുമുള്ള പ്രധാനപ്പെട്ട ബില്ലുകളാണ് ചര്‍ച്ചയില്ലാതെ കടന്നുപോയത്. നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണിവ.
മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി കണക്കിലെടുത്തുള്ള മെഡിക്കല്‍ പ്രവേശന നിയന്ത്രണ ബില്ലില്‍ സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി അധ്യക്ഷനായി അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്. കമ്മിറ്റിയില്‍ സര്‍ക്കാരിന്റെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രതിനിധികളുണ്ടാകും.
സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കമ്മിറ്റി ഫീസ് നിശ്ചയിക്കേണ്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുമായി ഇതുസംബന്ധിച്ച് കമ്മിറ്റിക്ക് കരാറില്‍ ഏര്‍പ്പെടാം.
ഫീസ് നിശ്ചയിച്ചാല്‍ വിദ്യാര്‍ഥിയുടെ കോഴ്‌സ് കഴിയുന്നതുവരെ അതു ബാധകമായിരിക്കും. ഒരു അക്കാദമിക് വര്‍ഷം ആ വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നതടക്കമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
ജില്ലാ സഹകരണ ബാങ്കുകളിലെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ളതാണ് സഹകരണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ്. നേരത്തേ അംഗത്വമുണ്ടായിരുന്ന മറ്റു സഹകരണ സംഘങ്ങള്‍ക്ക് ഇനി അതുണ്ടാവില്ല.
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ റജിസ്ട്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി. 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണസമിതികള്‍ പുതിയ നിയമമനുസരിച്ച് അസാധുവാകും.
ചര്‍ച്ച നടന്നാല്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരേ കടുത്ത ആരോപണങ്ങളുയരേണ്ടിയിരുന്ന ബില്ലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശന ബില്‍. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരേ ഇതിനുമുന്‍പ് നടന്ന സഭാ സമ്മേളനങ്ങളിലെല്ലാം പ്രതിപക്ഷം ശബ്ദമുയര്‍ത്തിയിരുന്നു.
എന്നാല്‍, സ്വാശ്രയ മേഖലയില്‍ ഏറ്റവുമധികം ചൂഷണം നടന്നത് യു.ഡി.എഫ് ഭരണകാലങ്ങളിലാണെന്നു പറഞ്ഞാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ അതിനെ പ്രതിരോധിക്കുന്നത്.
കേരളാ ബാങ്ക് രൂപീകരണത്തിന്റെ മുന്നോടിയായുള്ളതാണ് സഹകരണ നിയമ ഭേദഗതി ബില്‍. ജില്ലാ സഹകരണ ബാങ്കുകളെ അപ്രസക്തമാക്കി കേരളാ ബാങ്ക് രൂപീകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് അതു പ്രകടിപ്പിക്കാനുള്ള അവസരം സഭാനടപടികള്‍ അലങ്കോലപ്പെട്ടതിനാല്‍ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."