ദ.ചൈനാ കടല്‍: ആസിയാനില്‍ ചൈനയ്ക്ക് നയതന്ത്രവിജയം
മനില: ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ ചൈനക്ക് നയതന്ത്രവിജയം. ആസിയാന്‍ ഉച്ചകോടിയില്‍ ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ കടുത്ത എതിര്‍പ്പുള്ള രാജ്യങ്ങളെ പോലും മയപ്പെടുത്താന്‍ ചൈനക്ക് കഴിഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തര്‍ക്കമാണ് ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം. മനിലയില്‍ ചേര്‍ന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിലെ (ആസിയാന്‍) വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തര്‍ക്ക പ്രദേശത്തെ സംബന്ധിച്ച കാര്യത്തില്‍ ചൈനയ്ക്കു മുന്നില്‍ തലകുനിക്കുന്ന സമീപനമാണ് അംഗരാജ്യങ്ങള്‍ സ്വീകരിച്ചത്.
ആസിയാന്‍ രാജ്യങ്ങളായ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ എന്നീ രാജ്യങ്ങളെല്ലാം ദക്ഷിണ ചൈന കടല്‍ മേഖലയുമായി ബന്ധപ്പെട്ട് ചൈനയുമായി തര്‍ക്കത്തിലുള്ള രാജ്യങ്ങളാണ്. എന്നാല്‍ പത്രക്കുറിപ്പില്‍ ചൈനയെ പ്രകോപിപ്പിക്കുന്ന വാക്കുകളൊന്നും വരാതെ സംയമനം പാലിക്കുന്ന സമീപനമാണ് ഉണ്ടായത്. ചൈനയുടെ വലിയ നയതന്ത്ര വിജയമായി ഇത് വിലയിരുത്തപ്പെടുന്നു.
പ്രതിവര്‍ഷം അഞ്ചു ട്രില്യണ്‍ ഡോളറിന്റെ കപ്പല്‍ ചരക്കു ഗതാഗതം കടന്നു പോകുന്ന ഈ കടല്‍ മേഖലയുടെ നിയന്ത്രണം ചൈനയ്ക്ക് കിട്ടുന്നത് വലിയ നേട്ടമാണ്.
തര്‍ക്ക മേഖലയില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചും, സൈനിക സന്നാഹം വര്‍ധിപ്പിച്ചും പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ നടപടിക്കെതിരേ ആസിയാനിലെ രാജ്യങ്ങളൊക്കെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അമേരിക്കയുമായി സഖ്യത്തിലുള്ള രാജ്യങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ നാവിക സേന മേഖലയില്‍ എത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ എതിര്‍പ്പ് കുറയുന്നത് ചൈനയ്ക്ക് മേഖലയിലുള്ള സ്വാധീനം വര്‍ധിപ്പിക്കാനാണ് ഇടയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."