മായുന്ന കലകള്‍: വയനാട്ടിലെ ഗോത്രകലകള്‍ക്ക് ആയുസ് ഇനിയെത്രകാലം
റഷീദ് നെല്ലുള്ളതില്‍
വയനാട്ടിലേത് കേരളത്തിലെ എല്ലാ ജില്ലകളിലുടെയും സങ്കര സംസ്‌കാരമാണ്.
കുടിയേറ്റക്കാര്‍ ഇവിടങ്ങളിലേക്ക് ചേക്കേറിയതോടെയാണ് ഇവിടെ സങ്കര സംസ്‌കാരം ഉടലെടുത്തത്. അതിന മുന്‍പ് ജില്ലയിലെ ഭൂരിപക്ഷമായിരുന്ന ആദിവാസികളുടെ സംസ്‌കാരങ്ങളായിരുന്നു വയനാടന്‍ സംസ്‌കാരം. കലാസാംസ്‌കാരിക മേഖലകളില്‍ ഇവരുടെ സാന്നിധ്യം പ്രസക്തമായിരുന്നു. എന്നാല്‍ പതിയെ പതിയെ ആ സംസ്‌കാരം വയനാടന്‍ മണ്ണില്‍ നിന്നും പിന്നോട്ട് വലിഞ്ഞുതുടങ്ങി.
ഇന്നിപ്പോള്‍ സങ്കര സംസ്‌കാരത്തിനിടയില്‍പ്പെട്ട് മണ്‍മറഞ്ഞ് കൊണ്ടിരിക്കുകയാണ് ഇവിടുത്തെ ആദിവാസി സംസ്‌കാരം. ഗോത്രകലകളെ പുനരുജ്ജീവിപ്പിക്കുന്നതിന് വയനാട്ടില്‍ ഗോത്രകലാമേളകളടക്കം സര്‍ക്കാര്‍ തലങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതും ഇപ്പോള്‍ നിലച്ച മട്ടിലാണ്.
ഇവരുടെ തനത് കലാരൂപങ്ങളായ പണിയ വിഭാഗങ്ങളിലെ കലകളും, കുറുമ, കുറിച്യ, എന്നീ വിഭാഗങ്ങളിലെ തനത് രൂപങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഗദ്ദിക ആചാര്യന്‍ മണ്‍മറഞ്ഞ കാളന്‍ ഗദ്ദിക എന്ന കലാരൂപത്തെ പരിചയപ്പെടുത്തി.
വയനാടിനോട് ചേര്‍ന്ന കര്‍ണ്ണാടകയിലെ ഉരിഡവന്മാരുടെ മൂരിഅബ്ബ ആഘോഷം ഏറെ പ്രസക്തമാണ്. ജില്ലയിലെ ഗോത്രകലകളെ കുറിച്ച് സുപ്രഭാതം തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍ വായിക്കാം...
കുറിക്കുകൊള്ളിക്കുന്ന കുറിച്യരുടെ ആഘോഷങ്ങള്‍
ആദിവാസികളിലെ ബ്രാഹ്മണരാണ് കുറിച്യരെന്നാണ് വിശ്വാസം. ഇവര്‍ക്കിടയിലെ തൊട്ടുകൂടായ്മയും തീണ്ടുക്കൂടായ്മയുമാണ് ഇവരെ ബ്രാഹ്മണന്മാര്‍ക്ക് തുല്യരാക്കുന്നത്.
'കുറിക്കു കൊള്ളിച്ചവന്‍' എന്ന അര്‍ഥത്തിലാണ് സമുദായത്തിന് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. കാര്‍ഷിക സംസ്‌കാരവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ് കുറിച്യര്‍. വയനാട്ടില്‍ ഏറ്റവും ആദ്യം എത്തിയ വിഭാഗം കുറിച്യരാണെന്നാണ് വിശ്വാസം. തലക്കല്‍ ചന്തുവാണ് കുറിച്യരുടെ നേതാവ്. വയനാടന്‍ കുറിച്യര്‍, കണ്ണവം കുറിച്യര്‍ എന്നിങ്ങനെ കുറിച്യര്‍ പലവിഭാഗത്തിലുണ്ട്. നീഗ്രിറ്റോ വര്‍ഗക്കാരുടെയും പ്രോട്ടോ-ആസ്ട്രലോയിഡ് വര്‍ഗക്കാരുടെയും ലക്ഷണങ്ങള്‍ കുറിച്യരില്‍ കാണാനുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇവര്‍ കൂട്ടുകുടുംബമായിട്ടാണ് ജീവിക്കുക. ഒരു തറവാട്ടില്‍ അഞ്ചു മുതല്‍ 20 വരെ കുടുംബങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നു. ഒരു തറവാടിന് ഒരു അടുക്കള മാത്രമെ ഉണ്ടാകൂ.
ഭക്ഷണം പാകം ചെയ്യുന്നതിന് ഓരോ ദിവസവും ഓരോ കുടുംബത്തിലെ അംഗങ്ങളെ നിയോഗിക്കും.
തറവാട്ട് കാരണവര്‍ പിട്ടന്‍ എന്നാണറിയപ്പെടുക. കൃഷിയും കന്നുകാലി വളര്‍ത്തലും നായാട്ടുമാണ് ഇവരുടെ കുലത്തൊഴില്‍. കുലച്ചുകെട്ടിയ വില്ലും കൂര്‍പ്പിച്ചെടുത്ത കത്തിയമ്പും കുറിച്യര്‍ക്ക് ആയുധമാണ്.
തുലാം പത്തിലെ ആയുധപൂജ
തുലാം പത്തില്‍ നടക്കുന്ന ആയുധപൂജയാണ് ഇവരുടെ പ്രധാന ആചാരം. മൂപ്പന്‍ അതിരാവിലെ എത്തിയാണ് പൂജാദികര്‍മങ്ങള്‍ക്ക് തുടക്കമിടുക. ദൈവത്തിന് മാത്രം ഉപയോഗിക്കാന്‍ മാറ്റിവെച്ച വാളും പരിചയും ശംഖിന്റെ ആകൃതിയിലുളള അമ്പും വെള്ളത്തില്‍ മുക്കിയെടുത്തുവെച്ച പീഠത്തില്‍ നിരത്തി പൂജിക്കുന്നു. മന്ത്രോച്ചാരണത്തിന് ശേഷം പച്ചരിയും തുളസിയും പൂജാരി ആയുധത്തില്‍ മേല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഉടച്ച തേങ്ങ മുകളിലേക്ക് എറിയും. രണ്ട് മുറികളും അടര്‍ന്ന് വീണാലാണ് പൂജകള്‍ അനുകൂലമാവുക.
തിറ മഹോത്സവം
കുറിച്യരുടെ ദൈവങ്ങളുടെ ദൈവമാണ് മലക്കാരി. ഈ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഓരോ ദേശത്തും അവര്‍ തിറ നടത്താറുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് കക്കോട്ടറ മിറ്റത്തെ തിറ മഹോത്സവം. കുംഭം നിറക്കല്‍ ചടങ്ങോടെയാണ് തിറ തുടങ്ങുന്നത്. കൂട്ടത്തോടെയാണ് കാട്ടില്‍ നിന്ന് മുറിച്ചെടുക്കുന്ന കൊടിമരങ്ങള്‍ കൊണ്ടുവരുന്നത്. അഞ്ച് മുളകളിലും തുളയിട്ട് കള്ള് നിറച്ച് വെച്ചിരിക്കും.
ഈ സമയം കാരണവരിലൊരാള്‍ ഉറഞ്ഞ് ദൈവ കല്‍പനകള്‍ പുറപ്പെടുവിക്കും. മൂന്ന് ചെണ്ട മേളക്കാര്‍ കുംഭത്തിന് അകമ്പടി സേവിക്കും. ആടിയും പാടിയും അമ്പല പരിസരങ്ങളില്‍ ഉറഞ്ഞാടിയ നോയമ്പുകാരുടെ പൂജാ കര്‍മ്മങ്ങള്‍ കഴിയുന്നതോടെ ദൈവശക്തി ഇവരില്‍ നിന്ന് ഒഴിഞ്ഞ് പോകും. ഓര്‍മ്മയില്ലാതെ ഇവര്‍ നിലത്ത് വീഴുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."