ബി.ജെ.പി ആശയക്കുഴപ്പത്തില്‍
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന നിരാഹാര സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബി.ജെ.പി.
സി.കെ പദ്മനാഭന്റെ നിരാഹാര സമരം എട്ടുദിവസം പിന്നിട്ട സാഹചര്യത്തില്‍ അടുത്തത് ആരെന്ന തര്‍ക്കവും പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുണ്ട്. പി.കെ കൃഷ്ണദാസിനൊപ്പം നില്‍ക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സമരത്തിനിറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പദ്മനാഭന്റെ സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ചോദ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.
നിരാഹാര സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്തയാളെ പാര്‍ട്ടിക്കാരനായി ചിത്രീകരിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താലിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത നേതൃത്വം പാര്‍ട്ടിക്കാരന്‍ പോലുമല്ലാത്ത വേണുഗോപാലന്‍ നായര്‍ കുടുംബപ്രശ്‌നം കാരണം ആത്മഹത്യ ചെയ്തതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയത്.
എ.എന്‍ രാധാകൃഷ്ണനില്‍നിന്ന് നിരാഹാര സമരം പദ്മനാഭന്‍ ഏറ്റെടുത്തതിനുശേഷം വി.മുരളീധര പക്ഷത്തുള്ള നേതാക്കളാരും അവിടേക്ക് എത്തിയിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ സമരം എന്തിനാണെന്ന് വിശദീകരിക്കാന്‍പോലും ബി.ജെ.പി നേതൃത്വത്തിന് കഴിയുന്നില്ല. ശബരിമലയെ സുവര്‍ണാവസരമാക്കി മുന്നോട്ടുപോകുന്നതിനിടെ ഉണ്ടായ വീഴ്ചകള്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുമായി. യുവതീ പ്രവേശന വിഷയത്തില്‍ തുടങ്ങിയ സമരം പിന്നീട് ലക്ഷ്യംതെറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ സമരമായി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തുകയായിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളുമാണ് സമരത്തിന്റെ വിഷയമെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏതാണ്ട് അവസാനിച്ച നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."