പൊലിസിന് പുതിയമുഖം നല്‍കി; ഇനി ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക്
മാനന്തവാടി: പൊലിസിന് പുതിയ മുഖം നല്‍കിയ ഡിവൈ.എസ്.പി കെ.എം ദേവസ്യ ഇനി കല്‍പ്പറ്റ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക്(ഡി.സി.ആര്‍.ബി).
പൂര്‍ണ സംതൃപ്തിയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് കെ.എം ദേവസ്യ പറഞ്ഞു. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടറായിരിക്കെ 2017 ജൂലൈ 31 നാണ് പ്രമോഷനായി മാനന്തവാടി ഡിവൈ.എസ്.പി ആയി ചുമതലയേറ്റത്. അന്ന് മുതല്‍ തന്നെ തന്റെ സേവനമേഖലകളില്‍ മാതൃകാപരമായ സേവനമാണ് ഒരു പൊലിസ് ഓഫിസറെന്ന നിലക്ക് കെ.എം ദേവസ്യ കാഴ്ചവെച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ചതും ഒരു തുമ്പുപോലും ഇല്ലാതെ പഴുതടച്ച് നടത്തിയ കണ്ടത്തുവയല്‍ നവദമ്പതികളുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ക്ക് മുമ്പിലെത്തിച്ച പൊലിസ് ഓഫിസറാണ് ദേവസ്യ. ഡിവൈ.എസ്.പി ആയി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ് കൊലപാതകക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്. ദൃശ്യം സിനിമാ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ അക്ഷയ് കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. കഴിഞ്ഞ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും തന്റെ സര്‍വിസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ദേവസ്യ ഓര്‍മപ്പെടുത്തുന്നു. വീട്ടമ്മയായ കുഞ്ഞുമോള്‍ ദേവസ്യയാണ് ഭാര്യ. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദീപു, എംകോം വിദ്യാര്‍ഥിനിയായ ദീപ്തി, ഏഴാം ക്ലാസുകാരിയായ ദിവ്യ എന്നിവര്‍ മക്കളാണ്. കെ.എം ദേവസ്യ സ്ഥലം മാറി പോകുന്നതോടെ ഇനി മാനന്തവാടി പൊലിസ് ഡിവിഷനെ നയിക്കുക ഐ.പി.എസുകാരനായ വൈഭവ് സക്‌സേനയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."