ദിയ ഫാത്തിമക്ക് പിന്നാലെ സനയും: ദുരൂഹതകള്‍ നിറഞ്ഞ തിരോധാനത്തിന് സമാനതകളേറെ
ഇരിട്ടി: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സന ഫാത്തിമയെ കാണാതായി ആറു ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനോ ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനോ പൊലിസുള്‍പ്പെടെയുള്ളവര്‍ക്ക് സാധിക്കാത്തത് പരക്കെ പ്രതിഷേധമുയരുകയാണ്. ഇതിനു സമാനമായ സംഭവമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരിട്ടി കീഴ്പ്പള്ളിക്കടുത്തും സംഭവിച്ചത്.
കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ രണ്ടുവസുകാരി ദിയ ഫാത്തിമയെ സമാനരീതിയില്‍ കാണാതായിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണ്. ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി മകളെ ഓര്‍ത്ത് വിലപിക്കുകയാണ് ഈ ദമ്പതികളും. ദിയ ഫാത്തിമയുടെയും പാണത്തൂരില്‍ കാണാതായ സന ഫാത്തിമയുടേയും തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ക്ക് ഏറെ സമാനതകളുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
സന ഫാത്തിമയുടെ വേര്‍പാടിന് പിന്നിലെ ഉത്തരം കണ്ടെത്തിയാല്‍ ഒരുപക്ഷേ തങ്ങളുടെ മകളുടെ വേര്‍പാട് സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഈ ദമ്പതികള്‍ കണ്ണുനീരോടെ പറയുന്നത്.
2014 ഓഗസ്റ്റ് 1ന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദിയ ഫാത്തിമയെ കാണാതായത്. സന ഫാത്തിമയെ കാണാതായത് മൂന്നു വര്‍ഷത്തിനിപ്പുറം ഓഗസ്റ്റ് 2ന്. ദിവസം പോലും സമാനതകള്‍ നിറഞ്ഞ ചുരുളഴിയാത്ത ദുരൂഹതയായി അവശേഷിക്കുമ്പോഴാണ് രണ്ട് ജില്ലകള്‍ക്കപ്പുറം രണ്ട് കുടുംബങ്ങള്‍ തങ്ങളുടെ എല്ലാമെല്ലാമായ കുരുന്നുകളെ നഷ്ടപ്പെട്ടുള്ള വിലാപങ്ങള്‍ക്ക് സമാനതകള്‍ ഏറുന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ട് വയസുകാരി ദിയ ഫാത്തിമ സംഭവദിവസം രാവിലെ മുതലുണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തുകൂടെയുള്ള കൈത്തോടിലെ വെള്ളത്തില്‍ അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമടക്കം വളപട്ടണം പുഴയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടി വീടിനടുത്തുനിന്നു 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. കാണാതാകുമ്പോള്‍ രണ്ടരപവനോളം തൂക്കമുള്ള സ്വര്‍ണാഭരണവും ദിയ ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്നു.
രക്ഷിതാക്കളുടെ നിരന്തര പരാതികള്‍ക്കൊടുവില്‍ അന്നത്തെ ഡിവൈ.എസ്.പി പി. സുകുമാരന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതീക്ഷക്ക് വക നല്‍കുന്ന ആശാവഹമായ പുരോഗതിയൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ പിതാവ് സുഹൈല്‍ അഡ്വ. അരുണ്‍ കാരണവര്‍ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയും ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഫലമില്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൈല്‍ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഐ.ജി ദിനേശ് കശ്യപ് നേരിട്ട് കേസന്വേഷണം ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.
അന്വേഷണ ചുമതല ഏറ്റെടുക്കും മുമ്പാണ് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ കൂടിയായ ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നത്. പിന്നീട് ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജിയായി ദിനേന്ദ്ര കശ്യപിനെ നിയമിക്കുകയും ചെയ്തു. ഇതിനാല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കും വിധം കേസന്വേഷണം ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സമാന രീതിയില്‍ പാണത്തൂരില്‍ സന ഫാത്തിമ എന്ന കുട്ടിയെ കാണാതായ വിവരം മാധ്യമങ്ങളിലൂടെ സുഹൈല്‍ - സുഹറ ദമ്പതികള്‍ അറിയുന്നത്. തങ്ങളുടെ മകളെ നാടോടികള്‍ തട്ടിക്കൊണ്ടുപൊയതാണെന്നു സനയുടെ രക്ഷിതാക്കളായ ഇബ്രാഹിമും ഹസീനയും പറയുന്നു. സന ഫാത്തിമയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ പുരോഗതിയിലൂടെ തങ്ങളുടെ മകളുടെ തിരോധാനത്തിനുള്ള ഉത്തരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ദിയയുടെ മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."