ത്യാഗത്തിന്റെയും വിശുദ്ധിയുടെയും ആത്മീയ ശോഭ
എം.പി അബ്ദുസമദ് സമദാനി#
ജീവിത വിശുദ്ധിയുടെയും നിര്‍മല സ്‌നേഹത്തിന്റെയും മഹിത മാതൃക കാട്ടി സമൂഹത്തില്‍ പ്രകാശം ചൊരിഞ്ഞ മഹാത്മാവായിരുന്നു അത്തിപ്പറ്റ മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. യഥാര്‍ഥ ആത്മീയത എന്താണെന്നു പഠിപ്പിച്ച അത്തിപ്പറ്റ ഉസ്താദ് വാക്കിലൂടെയും അതിന്റെ സന്ദേശം വിളംബരം ചെയ്തു. നിശബ്ദമായി പ്രവര്‍ത്തിച്ച സാമൂഹിക സംസ്‌കരണത്തിനും ധാര്‍മിക പരിവര്‍ത്തനത്തിനും അസാധാരണമായ ഒരു അധ്യായം ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഈ വലിയ ഗുരുനാഥന്‍ വിടപറഞ്ഞിരിക്കുന്നത്.
മതത്തിന്റെ നിയമശാസ്ത്രവും ആരാധന കര്‍മങ്ങളും കര്‍മപരമായ അനുഷ്ഠാനങ്ങളുമടങ്ങുന്ന ശരീഅത്തിനെ പൂര്‍ണമായും അടിസ്ഥാനമാക്കിയായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ ത്വരീഖത്ത് അഥവാ ആത്മീയ സഞ്ചാരം. ഭൗതിക ലോഭങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ധാര്‍മിക ഔന്നത്യത്തിന്റെ ജീവിതത്തെ ഉദ്ദേശിച്ചു തിരുനബിയുടെ ചര്യയില്‍ പ്രയോഗിക്കപ്പെട്ടിരുന്ന സുഹ്ദ് എന്ന വാക്കിനെയും അതിന്റെ ആശയത്തെയും ആവിഷ്‌കരിക്കുന്നതായിരുന്നു ആ ലളിതസുന്ദര ജീവിതം.
അറിവുകൊണ്ടും ആത്മീയ ഔന്നത്യം കൊണ്ടും ഉയരങ്ങള്‍ താണ്ടിയ ഉസ്താദ് പെരുമാറ്റത്തിലും ജീവിതത്തിലും പുലര്‍ത്തിയ എളിമയും വിനയവും പ്രത്യേകം ശ്രദ്ധേയമാണ്. കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കതയായിരുന്നു ആ വ്യക്തിത്വത്തിന്റെ അകത്തും പുറത്തും. പണത്തിനും അധികാരത്തിനും പിറകെ പോകാത്ത ഇസ്്‌ലാമിലെ പൂര്‍വിക പണ്ഡിതരുടെ തനിപ്പകര്‍പ്പായിരുന്നു ഉസ്താദ്.
സാമ്പത്തികം ഒരു രീതിയിലും ഒരു മാനദണ്ഡമായിക്കൂടാ എന്ന നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അറബ് പ്രമുഖര്‍ അടക്കമുള്ള പലരും ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഉദ്‌ബോധന സദസുകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്തരം ബന്ധങ്ങളൊന്നും സ്വത്തിനോ അധികാരത്തിനോ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ആളുകള്‍ സ്‌നേഹാദരപൂര്‍വം സമ്മാനിക്കുന്നതെല്ലാം തന്നെ കാണാന്‍ വരുന്ന സാധുക്കള്‍ക്കും സാധാരണക്കാര്‍ക്കും വീതിച്ചു നല്‍കി.
എന്റെ ഉമ്മയുടെ ബന്ധത്തില്‍പ്പെട്ട ഉസ്താദിനെ 'മൊയ്തീന്‍കുട്ടി കാക്ക' എന്നാണ് ചെറുപ്പം മുതലേ വിളിച്ചുപോന്നിരുന്നത്. ഇക്കാക്കയുടെ പിതാവിനെ കുട്ടിക്കാലത്തു കണ്ടതിന്റെ ഓര്‍മകള്‍ മനസിലുണ്ട്. അറിവും ആത്മീയതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു പിതാവും. സൗമ്യനായി വിനയപൂര്‍വം നിലത്തു നോക്കി അദ്ദേഹം നടന്നു പോകുന്ന ചിത്രം ഇന്നും ഓര്‍മയിലുണ്ട്. വാക്കിലും പ്രവൃത്തിയിലും തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിയ അദ്ദേഹത്തില്‍നിന്ന് നിരവധിപേര്‍ അറിവും വെളിച്ചവും സ്വീകരിച്ചു. എല്ലാവര്‍ക്കും ആദരണീയനായ ആ ഉല്‍കൃഷ്ടനായ പിതാവിന്റെ സല്‍ഗുണങ്ങള്‍ വികസിപ്പിച്ചു വലിയൊരു സമൂഹത്തില്‍ പ്രഭ പരത്തി ജീവിച്ച മകന്‍, 'പുത്രന്‍ പിതാവിന്റെ പൊരുളാണ് ' എന്ന അറബി ആപ്തവാക്യത്തെ അന്വര്‍ഥമാക്കി ജീവിച്ചു.
ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വിദേശത്തേക്കു പുറപ്പെടും മുന്‍പ് ഉസ്താദിനെ സന്ദര്‍ശിക്കാന്‍ ഈ അടുത്ത ദിവസം സാധിച്ചു. വാക്കിലൂടെയും ആംഗ്യങ്ങളിലൂടെയും സംസാരിച്ചു വിട പറയുന്നതു പോലെ കൈകാണിച്ചാണ് യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."