സ്കൂള്‍ പാഠ്യപദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സ്കൂളുകളില്‍ യോഗനിര്ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രിംകോടതി. സ്കൂളുകളിലെ പാഠ്യപദ്ധതി തയാറാക്കേണ്ടത് സര്‍ക്കാരും വിദ്യാഭ്യാസ വിദഗ്ധരുമാണ്. സുപ്രിം കോടതിക്കുമുന്പാകെയെത്തിയ പൊതുതാല്പര്യ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിദ്യാഭ്യാസം മൗലികാവകാശമാണ്. എന്നാല്‍ യോഗ മൗലികാവകാശത്തില്പ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു. എന്താണ് പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ല.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം, ദേശീയ കരിക്കുലം ഫ്രയിംവര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ യോഗയെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും സ്കൂളുകളില്‍ യോഗപരിശീലനം പാഠ്യവിഷയമാക്കണമെന്നും ആവശ്യപ്പെട്ടും അഭിഭാഷകരായ ജെ.എസ് സേഥ്, അശ്വിനികുമാര്‍ ഉപാധ്യായ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് നോട്ടിസ് അയച്ചിരുന്നു. യോഗയെ നിര്‍ബന്ധിത മൗലികാവകാശമാക്കി ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."