യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ കസ്റ്റഡിയില്‍
ആര്യനാട്: ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ കസ്റ്റഡിയില്‍.
ഉഴമലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കനക കുമാറാണ് കസ്റ്റഡിയിലായത്. ഇന്നലെ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
23 വയസുള്ള യുവതി വയറുവേദനയെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30തോടെയാണ് ആശുപത്രിയില്‍ എത്തിയത്.
ഡോക്ടറെ കാണാന്‍ കയറിയ യുവതിയെ പരിശോധിക്കുന്നതിനിടയില്‍ അപമര്യതയോടെ പെരുമാറിയെന്ന് പറഞ്ഞ് പുറത്തേയ്ക്ക് ഓടിയ യുവതി ആശുപത്രിയിലെ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ വിവരം അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഡോക്ടറെ കൈകാര്യം ചെയ്ത് ആര്യനാട് പൊലിസിന് കൈമാറി. തുടര്‍ന്ന് ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്.വി അജിഷ് ഡോക്ടര്‍ കനകകുമാറിനെ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുത്തു. ഇതിനിടയില്‍ ഡോക്ടര്‍ തന്നെ ഒരു സംഘം ആക്രമിച്ചതായി ആര്യനാട് പൊലിസില്‍ പരാതി നല്‍കി. രണ്ടുപേരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി ഡോക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അനില്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."