സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു മന്ത്രി പി.തിലോത്തമന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ജി.എസ്.ടി വന്നപ്പോള്‍ ആശങ്കയുണ്ടായിരുന്നു. പലവ്യഞ്ജനങ്ങളുടെ വില കുറഞ്ഞു. അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും അടിയന്തര പ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.
വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. ടി.വി. ഇബ്രാഹിം എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. ജി.എസ്.ടി നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു.
പച്ചക്കറിക്കു മാത്രമാണ് അല്‍പം വിലകൂടിയത്. ഓണത്തിന് 1470 ഓണച്ചന്തകളും 2000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ല. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുത്തുവെന്നും തിലോത്തമന്‍ സഭയെ അറിയിച്ചു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."