വടക്കാങ്ങരയിലെ അനധികൃത ക്വാറിക്കെതിരേ നടപടിയെടുക്കും
മങ്കട: വടക്കാങ്ങരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടിസ് നല്‍കിയിട്ടും പ്രവര്‍ത്തനം തുടരുന്നതില്‍ വിവിധ വകുപ്പുകള്‍ നടപടിക്കൊരുങ്ങുന്നു. മങ്കട, മക്കരപ്പറമ്പ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വടക്കാങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് 2017 വരെ ലൈസന്‍സ് അനുവദിച്ചിരുന്നെങ്കിലും വ്യാപകമായ പരാതിയെ തുടര്‍ന്ന് പിന്നീട് പുതുക്കി നല്‍കിയിട്ടില്ല. എന്നാല്‍ പ്രവര്‍ത്തനം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ട മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തനം തുടരുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് കര്‍ശന നടപടിക്കൊരുങ്ങുന്നത്. അതിനിടെ വടക്കാങ്ങരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയോടൊപ്പമുള്ള ക്രഷര്‍ യൂനിറ്റിന് അനുമതിക്കായി ഇതുവരെയും പഞ്ചായത്തില്‍ അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സ്ഥാപനവും നിര്‍ത്തിവെക്കുന്നതിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായ വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി ഇവിടെ പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരം ജിയോളജി വകുപ്പിനെ അറിയിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി രാജീവ് അറിയിച്ചു. ഇപ്പോള്‍ ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് നിന്നും മണ്ണ് നീക്കിയാണ് കരിങ്കല്‍ കണ്ടെത്തുന്നത്. വന്‍തോതില്‍ മണ്ണ് നീക്കിയത് താഴെയുള്ള താമസക്കാര്‍ക്ക് ഭീഷണിയായി മാറുകയും ചെയ്തിട്ടുണ്ട്. അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."