ലോണ്‍ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് പണവും ആഭരണവും തട്ടിയ സ്ത്രീ അറസ്റ്റില്‍
വെഞ്ഞാറമൂട്: ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 9,39,000 രൂപയും ആറരപ്പവന്‍ സ്വര്‍ണാഭരണവും വസ്തുവിന്റെ പ്രമാണവും തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. വെള്ളുമണ്ണടി കുന്നുമുകള്‍ ആര്യാ ഭവനില്‍ സിന്ധു (41) ആണ് അറസ്റ്റിലായത്. വെള്ളുമണ്ണടി ബാലന്‍പച്ച സജാസ് മന്‍സിലില്‍ ഷൈനയുടെ പരാതിയിലാണ് നടപടി.
ഇവര്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ ലോണ്‍ ശരിയാക്കി നല്‍കാമെന്നും അതിനായി മൂന്നുലക്ഷം രൂപ നല്‍കണമെന്നും ലോണിന് സബ്‌സിഡി ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ ഇവരുടെ കൈയില്‍ അത്രയും തുക ഇല്ലാതിരുന്നതിനാല്‍ 20,000 രൂപയും വസ്തുവിന്റെ പ്രമാണവും കൈക്കലാക്കി. എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും ലോണ്‍ സംബന്ധമായ ഒരു അറിയിപ്പ് ലഭിക്കാതിരിക്കുകയും സംഭവത്തിലെ പ്രധാനിയായ പ്രിയ എന്നയാളെ കാണാതാകുകയും ചെയ്തതോടെ ബാങ്കില്‍ നേരിട്ടെത്തുകയായിരുന്നു.
എന്നാല്‍ ബാങ്കിന് ഇങ്ങനെ ഒരു ലോണ്‍ സ്‌കീം ഇല്ല എന്നറിയിച്ചതോടെ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. വെഞ്ഞാറമൂട് പൊലിസില്‍ തുടര്‍ന്ന് പരാതി നല്‍കുകയും സംഭവത്തില്‍ കേസെടുത്ത പൊലിസ് ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് കുന്നുമുകളിലും പരിസരങ്ങളിലുമുള്ള ഷീജ 25,0000 രൂപയും വസന്തകുമാരി എന്നയാള്‍ 3,69000 രൂപയും മറ്റൊരു സ്ത്രീ മൂന്നുലക്ഷം രൂപയും നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ പൊലിസ് മറ്റു കേസുകള്‍കൂടി ഉള്‍പ്പെടുത്തി ഇവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."