പൂര്‍ത്തിയായ ടാറിങ്ങിനെതിരേ നാട്ടുകാര്‍
തിരൂരങ്ങാടി: പണി പൂര്‍ത്തിയായ വിവാദ റോഡിന്റെ പ്രവൃത്തിക്കെതിരേ വീണ്ടും നാട്ടുകാര്‍ രംഗത്ത്. മൂന്നിയൂര്‍ മുട്ടിച്ചിറ-കാര്യാട് റോഡ് ടാറിങ് പ്രവൃത്തിക്കെതിരേയാണ് അഴിമതിയാരോപണങ്ങളുമായി നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയത്. വിവാദമായ ടാറിങ് കാര്യക്ഷമമല്ലെന്നാണ് ജനങ്ങളുടെ പരാതി.
അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ശ്രമഫലമായി 2016ലെ എസ്.എല്‍.ടി.എഫ് ഫണ്ട് ഉപയോഗിച്ച് 2017ലാണ് പ്രവൃത്തി ആരംഭിച്ചത്. പിന്നീട് പ്രവൃത്തി പാതിവഴിയില്‍ നിലക്കുകയായിരുന്നു. ഒരു ഭാഗം മാത്രം റബറൈസ്ഡ് ചെയ്തതിനാല്‍ ഇരുവശത്ത് കൂടിയും വരുന്ന വാഹനങ്ങള്‍ ഒരേദിശയില്‍ സഞ്ചരിക്കുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.
കൂടാതെ പ്രവൃത്തി നടക്കാത്ത ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തു. നിറയെ വളവുകളുള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവായതോടെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കളിയാട്ടമുക്ക് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെ കരാറുകാരന് കഴിഞ്ഞ ദിവസം രാത്രി ധൃതിപിടിച്ച് ടാറിങ് നടത്തുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ ആശ്രയിക്കുന്ന പാതയാണ് മുട്ടിച്ചിറ-കാര്യാട് റോഡ്. അതേസമയം പരാതിയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിഷയം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."