വിദ്യാര്‍ഥികളെ പീഡിപ്പിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം: യൂത്ത്ലീഗ്
തിരൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുസ്ലിംയൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിങ്ങിലൂടെ രേഖപ്പെടുത്തിയ വിദ്യാര്‍ഥികളുടെ മൊഴി പൊലിസിന് നല്‍കിയിട്ടും പ്രതികളെ പിടികൂടാതെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.
രണ്ട് പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് മറ്റുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായതു കൊണ്ട് ഭരണസ്വാധീനമുപയോഗിച്ച് കേസ് നിഷ്ക്രിയമാക്കാന്‍ ശ്രമിക്കുകയാണ്. പ്രതികള്‍ക്ക് സംരക്ഷണം നല്കാന് ഇടതുപക്ഷ അധ്യാപക യൂനിയന്‍ നേതാവ് രംഗത്തുണ്ടെന്ന് യൂത്ത്ലീഗ് കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ പൊലിസിന്റെ അലംഭാവം അവസാനിപ്പിച്ച് മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യൂത്ത്ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്കി. ഫൈസല്‍ മൂപ്പന് അധ്യക്ഷനായി. ടി നിയാസ്, കെ.പി സൈനുദ്ദീന്‍, സി.കെ മന്‍സൂര്‍, കെ.കെ ആസിഫ്, പി.കെ ശബീര്‍, എ.സി മഹ്ബൂബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."