കരിമ്പ് ജ്യൂസില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
കാട്ടാക്കട: റോഡുകളിലെ മിക്ക ഭാഗത്തും അടുത്തിടെ പടര്‍ന്നു പിടിച്ച കരിമ്പ് ജ്യൂസ് കേന്ദ്രങ്ങള്‍ വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു സൂചന. കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതാണ് പ്രധാന പ്രശ്‌നം. മീനില്‍ ചേര്‍ക്കുന്ന ഐസാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പി.എച്ച് മൂല്യം ഏഴാണ്. എന്നാല്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പി.എച്ച് മൂല്യം നാലാണ് . ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വില്‍പന നടത്തുന്നവരിലേറെയും. അവര്‍ 300 മുതല്‍ 400 രൂപ വരെ കൂലി വാങ്ങുന്ന തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ക്ക് കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്.പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്നു ശേഖരിക്കുന്ന പഴയ ശീതീകരണിയിലാണ് ഐസ് സൂക്ഷിക്കുന്നത്. ദാഹം കൊണ്ട് കുടിക്കാന്‍ എത്തുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കാറുമില്ല. മാത്രമല്ല ഒരു ഗ്ലാസ് ജ്യൂസിന് 20 മുതല്‍ 25 വരെയാണ് വില എന്നതിനാല്‍ വിലക്കുറവും ഒരു ആകര്‍ഷണ ഘടകമാണ്. അടുത്തിടെ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ കാട്ടാക്കട മുതല്‍ തലസ്ഥാനം വരെയുള്ള റോഡുകളിലെ ഇരുവശത്തും മലയോര ഗ്രാമങ്ങളിലെ ജങ്ഷനുകളിലും ഇത്തരം കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതിന്റെ പിറകില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഇതില്‍ സൂക്ഷിക്കുന്ന ഐസ് വളരെ വേഗത്തില്‍ അലിയേണ്ടതാണ്. എന്നാല്‍ ഈ ഐസ് സാവധാനം മാത്രമാണ് അലിയുന്നത്. ഇങ്ങനെ സംഭവിക്കാന്‍ കാരണം ഐസില്‍ ചേര്‍ക്കുന്ന വസ്തുക്കളാണ്. ഇത്തരം വസ്തുക്കളാണ് ഐസ് ഭക്ഷ്യയോഗ്യമല്ലാതാക്കുന്നതെന്ന സൂചനയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്നത്. റോഡരികില്‍ അവില്‍ മില്‍ക്ക് വില്‍ക്കുന്നവരും ഇപ്രകാരം ഐസ് ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കരിമ്പ് ജ്യൂസ് വില്‍ക്കുന്ന ലൈസന്‍സുള്ള കടകളിലെ ഐസിന് പ്രശ്‌നമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഇത്തരം മോട്ടോറുകള്‍ കനത്ത പരിസര മലിനീകരണം ഉണ്ടാക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നഗരസഭകളോ പഞ്ചായത്തോ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ല എന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."