രാജ്യത്ത് ഭാവിയില്‍ ഒറ്റനികുതി നിരക്ക് സാധ്യമാകും: അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റനികുതി നിരക്ക് ഭാവിയില്‍ സാധ്യമാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുംനാളുകളില്‍ ജി.എസ്.ടിയിലുള്ള 12 ശതമാനം, 18 ശതമാനം എന്നീ രണ്ടുനിരക്കുകള്‍ക്ക് പകരം ഒരൊറ്റ നിരക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കായി നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഈ രണ്ട് നിരക്കുകളുടെയും ഏകദേശ മധ്യത്തിലായിരിക്കും പുതിയ നിരക്ക് ഏര്‍പ്പെടുത്തുക. എന്നാല്‍ ഇത്തരമൊരു തീരുമാനത്തിലെത്തണമെങ്കില്‍ ജി.എസ്.ടി വരുമാനത്തില്‍ വലിയ വളര്‍ച്ച ഉണ്ടാകേണ്ടതുണ്ട്.
ഇത് സാധ്യമായാല്‍ രാജ്യത്ത് പൂജ്യം, 5 ശതമാനം, പിന്നെ പുതുതായി തീരുമാനിക്കാന്‍ പോകുന്ന നികുതി നിരക്ക് എന്നിങ്ങനെ മൂന്നു തരം നികുതി സ്‌ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നിലവില്‍ ആഡംബര വസ്തുക്കള്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയ 28 ശതമാനം ജി.എസ്.ടി സ്‌ലാബ് ക്രമേണ ഒഴിവാക്കാനാണ് തീരുമാനം. എ.സി, സിമന്റ്, വാഹന പാര്‍ട്‌സുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ 28 ശതമാനം സ്‌ലാബില്‍ ഉള്ള ആഡംബര നികുതി വ്യവസ്ഥയുള്ളത്.
സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സിമന്റിന്റെ നികുതി കുറഞ്ഞ സ്‌ലാബിലേക്ക് കൊണ്ടുവരികയെന്നാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നേരത്തെ 0, 0.25, 3,5,12,18, 28 ശതമാനങ്ങളിലുള്ള സ്‌ലാബുകളിലായിരുന്നു ജി.എസ്.ടി. ഇതാണ് 12, 18 സ്‌ലാബുകളിലേക്ക് ഏകീകരിച്ചത്. 1,216 സാധനങ്ങള്‍ ഈ നികുതി നിരക്കുകളിലേക്ക് സംയോജിപ്പിക്കുകയും ചെയ്തു.
183 ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം ശതമാനം നികുതിയും 308 എണ്ണത്തിന് അഞ്ചും 178 എണ്ണത്തിന് 12ഉം 517 എണ്ണത്തിന് 18 ശതമാനവുമായി നികുതി ഏകീകരിച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ രണ്ട് നിരക്കുകളിലേക്കു കൊണ്ടുവന്നത്.
ജി.എസ്.ടി വരുന്നതിന് മുന്‍പ് ഒട്ടേറെ ഉല്‍പന്നങ്ങള്‍ക്ക് വലിയതോതിലുള്ള നികുതിയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. 31 ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങളുടേത് ജി.എസ്.ടി നടപ്പാക്കിയതോടെ 28 ശതമാനമായി. വരുമാനം വര്‍ധിച്ചാല്‍ ഭാവിയില്‍ ഈ റേറ്റും കുറക്കാന്‍ സര്‍ക്കാര്‍ തയാറാകും.
കെട്ടിട നിര്‍മാണത്തിനുള്ള സിമന്റ് ഒഴികെയുള്ള വസ്തുക്കള്‍ക്കെല്ലാം 28 ശതമാനത്തില്‍ നിന്ന് 18ഉം 12ഉം ശതമാനത്തിലേക്ക് നികുതി കുറച്ചു. യുക്തിപരമായ ഒരു പുനര്‍ഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."