തലംപാടി കുടിവെള്ള പദ്ധതിയുടെ ജലസ്രോതസില്‍ അറവു മാലിന്യം തള്ളി
ബദിയഡുക്ക: നൂറുക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തലംപാടി കുടിവെള്ള പദ്ധതിയുടെ ജലസ്രോതസില്‍ മാലിന്യം തള്ളി. പുഴയില്‍ അറവുമാലിന്യം തള്ളിയതോടെ കുടിവെള്ളം മുടങ്ങിയതിനാല്‍ ബദല്‍ സംവിധാനം തേടുകയാണ് നാട്ടുകാര്‍. ബദിയഡുക്ക പഞ്ചായത്തിലെ തലംപാടി കുടിവെള്ള പദ്ധതിക്ക് ജലം സ്വരൂപിക്കുന്നതിനായി പള്ളത്തടുക്ക പുഴക്ക് കുറുകെ തലംപാടിയില്‍ കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ച തടയണയില്‍ വെള്ളം കെട്ടിനില്‍ക്കുവാന്‍ വേണ്ടി പലക പാകിയിരുന്നു. അതുകൊണ്ടു തന്നെ പുഴയില്‍ രണ്ടുകിലോ മീറ്റര്‍ വിസ്തൃതിയില്‍ വെള്ളം കെട്ടിനിന്നിരുന്നു. ഇതേ വെള്ളമാണ് തലംപാടി കുടിവെള്ള പദ്ധതിയില്‍ നിന്ന് പഞ്ചായത്തിലെ ബദിയഡുക്ക-നീര്‍ച്ചാല്‍ വില്ലേജുകളിലെ പല സ്ഥലങ്ങളിലേക്കും പൈപ്പ് ലൈനിലൂടെ എത്തിക്കുന്നത്. 2003ലാണ് എല്‍.ഐ.സിയുടെ സഹായത്തോടെ നാലു കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇരുളിന്റെ മറവില്‍ പുഴയില്‍ അറവുമാലിന്യം തള്ളിയതോടെ പ്രദേശവാസികളുടെ കുടിവെള്ളം മുടങ്ങി. മാത്രമല്ല പുഴയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം സമീപത്തെ കിണറുകളിലും കുഴല്‍ കിണറുകളിലും ഉറവ രൂപത്തില്‍ ഒഴുകിയെത്തുമെന്നതിനാല്‍ പകര്‍ച്ച വ്യാധി പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ ആരോഗ്യ വകുപ്പിനും പൊലിസിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."