സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു
പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവു പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. പാലത്തിന്റെ അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി ഇന്നലെ പൂര്‍ത്തിയായി. ഫെബ്രുവരിയോടെ പാലത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.
പുല്ലൂര്‍പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ശേഷമാണ് പൂര്‍ത്തിയാകുന്നത്. അതിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണവും ആയംകടവ് പാലത്തിനു സ്വന്തമാണ്. ഇരു ഭാഗത്തും കുന്നുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പാലത്തിനു ഉയരക്കൂടുതല്‍ ഉണ്ടായത്. നിര്‍മാണത്തിന്റെ തുടക്കത്തില്‍ കരാറേറ്റെടുത്തയാള്‍ ഉപേക്ഷിച്ചുപോയ പദ്ധതി ഒടുവില്‍ ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയായിരുന്നു. 180 മീറ്റര്‍ നീളമുള്ള പാലത്തിന് 30 മീറ്റര്‍ ഉയരമുണ്ട്. 14 കോടി രൂപയാണു പാലത്തിന്റെ നിര്‍മാണ ചെലവ്. രണ്ടര കിലോമീറ്റര്‍ അപ്രോച്ച് റോഡും പൂര്‍ത്തിയായിട്ടുണ്ട്.
നിര്‍മ്മാണഘട്ടത്തില്‍ ഇത്രയും ഉയരത്തിലുള്ള പാലത്തിന്റെ പ്രവൃത്തിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ പോലും ഉണ്ടായിരുന്നു. അപകടസാധ്യത കണ്ട് കഴിഞ്ഞ മഴക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്ഥലത്തെത്തിയ ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒട്ടനവധി വെല്ലുവിളികളെ തരണം ചെയ്താണ് നിര്‍മ്മാണം നിശ്ചിത സമയപരിധിക്കകം പാലം പണി പൂര്‍ത്തീകരിക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണം സാഹസികമായി പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തിച്ച തൊഴിലാളികളേയും എഞ്ചിനീയര്‍മാരേയും പാലത്തിനും അപ്രോച്ച് റോഡിനുമായി ഭൂമി സൗജന്യമായി വിട്ടുകൊടുത്ത് സ്ഥല ഉടമകളേയും ഇന്നലെ പാലം പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. പാലത്തിനു വേണ്ടി പ്രയത്‌നിച്ച കെ കുഞ്ഞിരാമന്‍ എം എല്‍ എയെ നാട്ടുകാര്‍ പൊന്നാടയണിയിച്ചു. സ്ഥലം സൗജന്യമായി നല്‍കിയ അമ്പൂഞ്ഞി, കുഞ്ഞിരാമന്‍, കണ്ണന്‍ വെളിച്ചപ്പാടന്‍, രാധ എന്നിവരാണ് ആദരവിന് അര്‍ഹരായത്. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വിനോദ് അധ്യക്ഷനായി. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ രാജീവന്‍, ബെന്നി, രമ്യ, നിര്‍മ്മാണമാരംഭിച്ച ഘട്ടത്തില്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരുന്ന മുഹമ്മദ് ബഷീര്‍, ജാസ്മിന്‍ കമ്പനി ചെയര്‍മാന്‍ ടി. അബ്ദുള്‍റഹ്മാന്‍, പാര്‍ട്ണര്‍മാരായ മുഹമ്മദ് ജാനിഷ്, മുഹമ്മദ് ജാനിഫ് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."