ഉമ്മയ്ക്ക് 'ഭാര'മാവാതെ ബുഷ്‌റയ്ക്ക് ഇനി വേഗത്തില്‍ സ്‌കൂളിലെത്താം
കളമശ്ശേരി: സെറിബ്രല്‍ പാള്‍സി അവസ്ഥ മൂലം നടക്കാന്‍ കഴിയാത്ത ബുഷ്‌റയ്ക്ക് ഇനി പരസഹായമില്ലാതെ വീട്ടില്‍ നിന്നും സ്‌കൂളിലെത്താം. കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ ബുഷ്‌റയ്ക്ക് വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ സമ്മാനിച്ചു. നടക്കാന്‍ കഴിയില്ലെങ്കിലും ബുദ്ധിപരമായി പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ബുഷ്‌റയെ ഉമ്മ കിലോമീറ്ററോളം ചുമന്ന് കൊണ്ടാണ് സ്‌കൂളില്‍ എത്തിച്ചിരുന്നത് . ലോട്ടറി ഏജന്റായ പിതാവിന് ദിവസവും ഓട്ടോ കൂലിയായി 150 രൂപയോളം കൊടുക്കാനില്ലാത്തത് മൂലം പഠിക്കാന്‍ ഏറെ ഇഷ്ടമുണ്ടെങ്കിലും സ്ഥിരമായി സ്‌കൂളില്‍ പോകാന്‍ ബുഷ്‌റയ്ക്ക് കഴിഞ്ഞിരുന്നില്ല .
കളമശ്ശേരിയിലെ അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ 'ഫ്രണ്ട്‌സ് ഓഫ് അല്‍ഫ' എന്ന കൂട്ടായ്മയാണ് ബുഷ്‌റയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ സമ്മാനിച്ചത്. കളമശ്ശേരി എച്ച്.എം.ടി സ്‌കൂളില്‍ പഠിക്കുന്ന ബുഷ്‌റയ്ക്ക് ഇനി തനിയെ വീല്‍ ചെയര്‍ ഉപയോഗിച്ച് യാത്ര ചെയ്യാനാവും .
ഭിന്നശേഷിയുള്ള കുട്ടികളെ വളരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അവരെ സ്വയം പര്യാപ്തരാക്കി വൊക്കേഷണല്‍ ട്രെയിനിങിലൂടെ തൊഴിലിന് സജ്ജരാക്കുക എന്നതാണ് അല്‍ഫയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളെ സ്വയംപര്യാപ്തരാക്കാന്‍ ലക്ഷ്യമിട്ട് സോന ജോസിന്റെ നേതൃത്തില്‍ സ്ഥാപിതമായ ഉദാത്ത് (യൂണിവേഴ്‌സല്‍ ഡിസൈന്‍ ആന്റ് അസിസ്റ്റീവ് ടെക്‌നോളജി) ഫൗണ്ടേഷനുമായി ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
വിതരണ ചടങ്ങും ഉദാത്തിന്റെ ലോഗോ പ്രകാശനവും ചലച്ചിത്ര സംവിധായകന്‍ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങള്‍ കണ്ടെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണ് ഉദാത്ത് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ അല്‍ഫാ സെന്ററിലെ അഞ്ചിനും ഏഴിനും ഇടയില്‍ പ്രായമുള്ള ഏതാനും കുഞ്ഞുങ്ങള്‍ക്കാണ് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ഉദാത്ത് ഫൗണ്ടേഷന്‍ സ്ഥാപകാംഗം സോന ജോസ് പറഞ്ഞു. ഫൗണ്ടേഷന്റെ ആദ്യഘട്ട പദ്ധതിയായ ലൈഫ് എന്‍ഹാന്‍സിങ് അസിസ്റ്റീവ് പ്രൊഡക്റ്റ്‌സ് ആന്റ് സോഫ്‌ടെവെയര്‍ സൊല്യൂഷന്റെ (ലീപ്‌സ്) ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത് . ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.എ വഹാബ്, അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫൌണ്ടര്‍ അനസ് .കെ കബീര്‍, അല്‍ഫ ഡയറക്ടര്‍ ആന്റ് ചീഫ് ഫിസിയോ തെറാപിസ്റ്റ് ഷാനി അനസ്, മുന്‍ കൗണ്‍സിലര്‍ ജബ്ബാര്‍ പുത്തന്‍ വീടന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."