നിറഞ്ഞാടി ലിവര്‍പൂള്‍; സിറ്റിക്ക് തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ലെസ്റ്റര്‍ സിറ്റിയോട് 2-1 നാണ് സിറ്റി പരാജയപ്പെട്ടത്. 14-ാം മിനുട്ടില്‍ ബര്‍ണാഡോ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ 19-ാം മിനുട്ടില്‍ മാര്‍ക്ക് ആല്‍ബ്രിങ്ടണ്‍ ഗോള്‍ തിരിച്ചടിച്ച് സമനില പാലിച്ചു.
81-ാം മിനുട്ടില്‍ റിക്കാര്‍ഡോ പെരോരയുടെ ഗോളിലൂടെയാണ് ലെസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്. 89-ാം മിനുട്ടില്‍ എതിര്‍താരത്തെ ചവിട്ടിയതിന് സിറ്റി താരം ഫാബിന്‍ ഡെല്‍ഫിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. 19-ാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് 28 പോയിന്റായി. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ന്യൂ കാസില്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. 11-ാം മിനുട്ടില്‍ ഡെയാന്‍ ലോറനാണ് ചെമ്പടയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പന്തുമായി ബോക്‌സിലെത്തിയ ഈജിപ്ഷ്യന്‍ താരം സലാഹിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സലാഹ് തന്നെ ലക്ഷ്യത്തിലെത്തിച്ച് രണ്ട് ഗോളിന്റെ ലീഡ് നേടി. 79-ാം മിനുട്ടില്‍ സ്വിസ് താരം ഷെര്‍ദന്‍ ഷാകിരിയും 85-ാം മിനുട്ടില്‍ ഫാബിഞ്ഞോയും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. ജയത്തോടെ 51 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനക്കാരുമായി ആറു പോയിന്റിന്റെ വ്യത്യാസമാണ് ലിവര്‍പൂളിനുള്ളത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തകര്‍ത്ത് ടോട്ടനം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 45 പോയിന്റുമായിട്ടാണ് ടോട്ടനം സിറ്റിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്. മികച്ച ഫോമിലുള്ള കൊറിയന്‍ താരം സണ്‍ ഹുന്‍ മിനിന്റെ ഇരട്ടഗോളിന്റെ കരുത്തിലാണ് ടോട്ടനം മികച്ച ജയം സ്വന്തമാക്കിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (16), സണ്‍ ഹുന്‍ മിന്‍ (23), (70), ലുകാസ് മോറ (35), ഹാരി കെയ്ന്‍ (61) എന്നിവര്‍ ടോട്ടനത്തിനായി ലക്ഷ്യം കണ്ടു.
മൗറീഞ്ഞോക്ക് പകരം ഓലെ ചുമതലയേറ്റെടുത്തതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി. 3-1ന് ഹഡര്‍ഫീല്‍ഡിനെയാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. ഇതോടെ ആറാം സ്ഥാനത്തുള്ള യുനൈറ്റഡിന് 32 പോയിന്റായി. 28-ാം മിനുട്ടില്‍ മാറ്റിച്ചാണ് യുനൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. 64, 78 മിനുട്ടുകളില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ യുനൈറ്റഡിനായി ഇരട്ട ഗോള്‍ നേടി. 88-ാം മിനുട്ടില്‍ മാതിയാസ് ജോര്‍ഗന്‍സനാണ് ഹഡര്‍ഫീല്‍ഡിന്റെ ആശ്വാസ ഗോള്‍നേടിയത്.
5-1 എന്ന സ്‌കോറിന് എവര്‍ട്ടണ്‍ ബേണ്‍ലിയെ പരാജയപ്പെടുത്തി. യേരി മിന (2), ലൂക്കാസ് ഡിഗ്നെ (13) (71), സിഗോര്‍സണ്‍ (22), റിച്ചാര്‍ലിസണ്‍ (93) എന്നിവര്‍ എവര്‍ട്ടണ് വേണ്ടി ഗോളുകള്‍ നേടി. ബെന്‍ ഗിബ്‌സണാണ് ബേണ്‍ലിയുടെ ആശ്വാസ ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസ്-കാര്‍ഡിഫ് സിറ്റി മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്‌കോറിന് ഫുള്‍ഹാം വോള്‍വ്‌സ് മത്സരവും സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."