കീഴൂരില്‍ കടലില്‍ തോണി മറിഞ്ഞ് ഒന്‍പതു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്ക്
കാസര്‍കോട്: ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് കീഴൂരില്‍ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് ഒന്‍പതു പേര്‍ക്കു പരുക്ക്. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ നീന്തിയും മറിഞ്ഞ തോണിയില്‍ പിടിച്ചും രക്ഷപ്പെടുകയായിരുന്നു. തോണി കരക്കടിഞ്ഞുവെങ്കിലും വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് നെല്ലിക്കുന്നു സ്വദേശികളായ രൂപേഷ്, ദിനേശ്, ബാബു, സതീശന്‍, സുരേഷ്, കൃഷ്ണന്‍, ശ്രീനിവാസന്‍, രതീശന്‍, ഷണ്‍മുഖന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.
കാസര്‍കോട് ഭാഗത്ത് കടല്‍ ക്ഷോഭമുള്ളതിനാല്‍ കീഴൂരില്‍ നിന്നു തോണിയിറക്കി മത്സ്യബന്ധനത്തിനു പോകുന്നതിനിടയിലാണു കരയില്‍ നിന്നു 10 മീറ്റര്‍ അകലെ തോണി മറിഞ്ഞത്. ഇന്നലെ രാവിലെ ആറരയോടെയാണ് അപകടം.
വലിയ തിരമാലകളില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കടലില്‍ വീണു.
തുടര്‍ന്നാണു തോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്. പരുക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രൂപേഷിന്റെ നെഞ്ചിനും കാലിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
ഒരുമാസത്തിനിടെ ഇതു മൂന്നാം തവണയാണു കാഞ്ഞങ്ങാടിനും കാസര്‍കോടിനുമിടയില്‍ മത്സ്യബന്ധന തോണി മറിയുന്നത്.
കാസര്‍കോട് കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ കീഴൂരിലും പുലിക്കുന്നിലുമെത്തിയാണു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്. കാസര്‍കോടെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ മത്സ്യതൊഴിലാളികള്‍ക്കു സുരക്ഷിതമായി കടലില്‍ പോകാമായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവൃത്തി നീണ്ടുപോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."