ഇന്തോനേഷ്യ: അഗ്നിപര്‍വതം ശക്തം, മറ്റൊരു സുനാമിക്ക് സാധ്യത
ജക്കാര്‍ത്ത: കഴിഞ്ഞ ദിവസമുണ്ടായ സുനാമിക്ക് കാരണമായ ഇന്തോനേഷ്യയിലെ അനക് ക്രക്കാതു അഗ്നിപര്‍വതം ശക്തമായതിനാല്‍ പൊട്ടത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നിറയിപ്പ്.
ഇതിനാല്‍ വീണ്ടും സുനാമിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ തിരയും മഴയുമുണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വക്താവ് ഡ്വിക്കോര്‍ത്ത കര്‍ണവാതി പറഞ്ഞു. കടലിലെ അഗ്നിപര്‍വതത്തിനടിയിലെ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും ശക്തമായ സുനാമിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ഇതിനു സഹായിക്കും വിധം താറുമാറായിരിക്കുകയാണു കാലാവസ്ഥ.
ഉയര്‍ന്ന തിരമാലകള്‍ ഏതു നിമിഷവും ഉണ്ടായേക്കാമെന്നതിന്റെ സൂചനകള്‍ നല്‍കി അനക് ക്രാക്കാതു അഗ്നിപര്‍വതം ചാരവും പുകയും പുറന്തള്ളുന്നത് തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് തെക്കന്‍ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലിയില്‍ സുനാമി അടിച്ചത്. ഇതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 429 ആയി. 154 പേരെ കാണാതായിട്ടുണ്ട്. 1400 പേര്‍ക്ക് പരുക്കേറ്റു.
അനക് സ്ഥിതി ചെയ്യുന്ന മേഖലയില്‍ നിന്നുള്ള 'മുരള്‍ച്ചകള്‍' നിരീക്ഷിക്കാന്‍ മാത്രമായി ഒരു മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയാണിതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുനാമിയുണ്ടായ പശ്ചിമ ജാവയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
മത്സ്യബന്ധന മേഖലയായ ഇവിടെ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകളില്‍ ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. വാഹനങ്ങള്‍ തകര്‍ന്നുകിടക്കുന്നു, മരങ്ങള്‍ കടപുഴകി. റോഡുകളിലും വയലുകളിലുമെല്ലാം വീട്ടുപകരണങ്ങളും ലോഹവസ്തുക്കളും മരത്തടികളും ചിതറിക്കിടക്കുകയാണ്. രക്ഷാസംഘത്തിന് എത്തിച്ചേരാനാകാത്ത പലയിടത്തും മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്.
അഗ്നിപര്‍വതത്തിനു സമീപത്തെ സുണ്‍ഡ കടലിടുക്കിലെ പല ചെറുദ്വീപുകളിലും ഇപ്പോഴും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഹെലികോപ്ടറിലോ ബോട്ടുകളിലോ രക്ഷിക്കാനാണു ശ്രമം. അതിനിടെയാണു അഗ്നിപര്‍വതമിരിക്കുന്ന ദ്വീപ് പ്രദേശം വീണ്ടും ഇടിഞ്ഞു താഴാനും സുനാമിയുണ്ടാകാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."