ഹജ്ജ്: അവ്യക്തമായ അപേക്ഷകള്‍ പരിഗണിക്കും
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച അവ്യക്തമായ അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തി വീണ്ടും സമര്‍പ്പിക്കുന്നതിനായി ജനുവരി അഞ്ചുവരെ സമയം അനുവദിച്ചു. ഈ അപേക്ഷകള്‍ കൂടി പരിഗണിച്ച് ജനുവരി അഞ്ചിനും പതിനിഞ്ചിനുമിടയിലായിരിക്കും ഹജ്ജ് നറുക്കെടുപ്പ് നടക്കുക.
സെപ്റ്റംബര്‍ 18 മുതല്‍ ഈ മാസം 19 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എന്‍ട്രികള്‍ കഴിഞ്ഞ 21നകം പൂര്‍ത്തീകരിച്ച് ഈമാസം തന്നെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ ഈവര്‍ഷം കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അവ്യക്തമായ ആയിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇത്തരം അപേക്ഷകര്‍ക്ക് കൂടി പരിഗണന നല്‍കാനാണ് കേന്ദ്രഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അപേക്ഷകളുടെ അവ്യക്തതയും പോരായ്മകളും പരിഹരിച്ച് ജനുവരി അഞ്ചിനകം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് ഹജ്ജ് നറുക്കെടുപ്പ് ജനുവരി അഞ്ചിന് ശേഷം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത്.
കേരളത്തില്‍ ആയിരത്തിലേറെ അവ്യക്തമായ അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷ സ്വീകരണം അവസാനിക്കുന്നതിന് മുന്‍പുതന്നെ എഴുന്നൂറോളം അപേക്ഷകള്‍ കവര്‍ ലീഡര്‍മാരെ വിളിച്ചുവരുത്തി തിരുത്തിയിരുന്നു. ശേഷിക്കുന്ന 300 അപേക്ഷകളിലെ പിശക് പരിഹരിച്ച് വരികയാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലേറെ അപേക്ഷകളില്‍ പിശക് കണ്ടെത്തിയിട്ടുണ്ട്. ഇവ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും തിരുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അപേക്ഷകളിലെ അവ്യക്തത പരിഹരിക്കാന്‍ ജനുവരി അഞ്ചുവരെ സമയം അനുവദിച്ചത്.
ഹജ്ജ് അപേക്ഷ പൂരിപ്പിച്ചവയില്‍ വന്ന പിശക്, ബാങ്ക് മാറി പണം അടച്ചത്, ബാങ്കില്‍ പണമടച്ച സ്ലിപ്പില്ലാത്ത അപേക്ഷകള്‍, ഫോട്ടോ, ഒപ്പ് തുടങ്ങിയവ ഇല്ലാത്തവ, ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവ തുടങ്ങിയ അപേക്ഷകളിലാണ് കവര്‍ നമ്പര്‍ നല്‍കാന്‍ കഴിയാതിരുന്നത്. ഇത്തരം അവ്യക്തമായ അപേക്ഷകളില്‍ അപേക്ഷകരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ നടത്തി കവര്‍ നമ്പര്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഈ വര്‍ഷത്തെ ഹജ്ജ് ആക്ഷന്‍ പ്ലാന്‍ പ്രകാരം ഡിസംബര്‍ അവസാനത്തിലായിരുന്നു ഇന്ത്യയില്‍ മുഴുവന്‍ ഹജ്ജ് കമ്മിറ്റികളുടെയും ഹജ്ജ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കേരളത്തില്‍ 29നും 31നും ഇടയില്‍ നടത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."