കാര്‍ഷിക കലണ്ടര്‍ നടപ്പാക്കിയില്ല: കര്‍ഷകര്‍ ദുരിതത്തില്‍
ഒലവക്കോട്: സംസ്ഥാന സര്‍ക്കാര്‍ കൊല്ലവര്‍ഷം നെല്ല് ദിനമായി ആചരിക്കുന്ന സാഹചര്യത്തിലും കൃഷി വകുപ്പ് കാര്‍ഷിക കലണ്ടര്‍ നടപ്പാക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കൊല്ലത്തില്‍ രണ്ട് കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഇതുമൂലം ഏറെയും ദുരിതത്തിലായത്. നെല്‍കൃഷിയുടെ വിത മുതല്‍ നെല്ല് സംഭരണം വരെയുള്ള സംവിധാനം ഏകോപിപ്പിക്കാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് കൃഷിവകുപ്പിന്റെ സഹകരണത്തില്‍ കാര്‍ഷിക കലണ്ടര്‍ തയാറാക്കിയതെങ്കില്‍ കലണ്ടര്‍ മുഴുവന്‍ കര്‍ഷകരുടെയും കൈയിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പകരം കൃഷിയിറക്കുമ്പോഴെല്ലാം ചില നിര്‍ദേശങ്ങള്‍ മാത്രമാണ് നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കിയത്. ഏകോപനമില്ലതെയുള്ള കൃഷി രീതികളിലൂടെ വിളവ് കുറയുകയും, വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കലണ്ടര്‍ തയാറാക്കാന്‍ വകുപ്പ് തീരുമാനിച്ചത്. കാര്‍ഷിക കലണ്ടര്‍ പ്രകാരം 15നകം രണ്ടാംകൃഷിയുടെ വിത പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, ഭൂരിഭാഗം പാടശേഖരങ്ങളിലും വിതയ്ക്കുള്ള വിത്ത് പോലും ഇനിയും എത്തിയിട്ടില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലും, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് രണ്ടാം കൃഷിയധികവും ചെയ്യുന്നത്. 20,000 ഹെക്ടറോളം പാടശേഖരത്താണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."