ഹജ്ജ്: ഇതുവരെയെത്തിയത് 8,542 ഇന്ത്യന്‍ തീര്‍ഥാടകര്‍
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി ഇതുവരെയെത്തിയത് 8,542 തീര്‍ഥാടകര്‍. ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള കണക്കാണിത്.
ജിദ്ദ വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് ഇന്നു മുതലാണ് ആരംഭിക്കുക. മലയാളി തീര്‍ഥാടകര്‍ 22 മുതല്‍ ജിദ്ദ വഴി മക്കയിലെത്തും. ഒരു ലക്ഷത്തി ഇരുപത് ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണയെത്തുക.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ഥാടക നാസിംനാസ് (68) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മദീനയില്‍ വിമാനമിറങ്ങിയ ഉടന്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഇവര്‍ മീഖാത്ത് ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചാണ് മരിച്ചത്. ഭര്‍ത്താവ് യാക്കൂബ് ഖാന്‍ കൂടെയുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഡല്‍ഹിയില്‍ നിന്നാണ്, 4399. മംഗലാപുരം, ഗയ, ഗുവാഹത്തി, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇതുവരെയെത്തിയത്.
ഹജ്ജ് കര്‍മത്തിന് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് നേരത്തെ പുണ്യഭൂമിയിലെത്താന്‍ സാധിച്ച തീര്‍ഥാടകര്‍ ചരിത്രഭൂമികള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്.
തിരക്കു വരും മുന്‍പ് എല്ലാം വിശദമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതിന്റെ ആത്മഹര്‍ഷത്തിലാണവര്‍. റൗള ശരീഫ് സിയാറത്തിന് ശേഷം മദീനയിലെ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരിക്കിലാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍. പാകിസ്താന്‍, തുര്‍ക്കി, ഇന്തോനേഷ്യ, തായ്‌ലന്റ്, ഫലസ്ഥീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും മദീനയിലെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതോടെ ഇവിടങ്ങളില്‍ തിരക്കേറും. മദീനയിലെ മസ്ജിദ് ഖൂബ, മസ്ജിദ് ഖിബ്‌ലത്തൈന്‍, ഉഹ്ദ്, ഖന്ദഖ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍;
പ്രതീക്ഷിക്കുന്നത് 15 ലക്ഷം
വിദേശ തീര്‍ഥാടകരെ
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി വിവിധ കമ്മിറ്റികളുമായി മക്ക അമീര്‍ അവലോകനം നടത്തി. ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുടെ പുരോഗതി അമീര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് അവലോകനം ചെയ്തത്. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന വിവിധ സ്വകാര്യ, പൊതു ഏജന്‍സികളുടെ അവലോകന യോഗമാണ് നടന്നത്. മക്കയിലെ ഹജ്ജ് പ്ലാന്‍, മക്ക മുനിസിപ്പാലിറ്റിയുടെ ഒരുക്കങ്ങള്‍, ഹാജിമാര്‍ക്ക് ഏറെ സഹായകരമാകുന്ന സ്ഥലങ്ങളുടെ അടയാളങ്ങള്‍, ടണലുകള്‍, പാലങ്ങള്‍, മറ്റു വഴികളിലുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ്, പൊതു പാര്‍ക്കിംഗ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചാണ് അവലോകനം ചെയ്തത്. ഈ വര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്നും 1.5 മില്യണ്‍ തീര്‍ഥാടകരെയാണ് വിശുദ്ധ ഭൂമിയിലേക്ക് പ്രതീക്ഷിക്കുന്നത്.
ജിദ്ദ ഹജ് ടെര്‍മിനല്‍, മദീന അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയാണ് ഭൂരിപക്ഷം വിദേശ തീര്‍ഥാടകരും സഊദിയിലെത്തുന്നത്. ഫലസ്തീനില്‍ നിന്നും 1000 തീര്‍ഥാടകര്‍ സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."