പ്രളയത്തില്‍ തകര്‍ന്ന വീടുകളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം പുനര്‍നിര്‍മിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമസഭാ മെംബേഴ്‌സ് ലോഞ്ചില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. പുനര്‍നിര്‍മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത് സുസ്ഥിരതയെ ബലി കഴിച്ചുകൊണ്ടാകരുത്. പുനര്‍നിര്‍മാണ പ്രക്രിയയില്‍ സുസ്ഥിര സംവിധാനം ഉള്‍പ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്. ഈ ഒരുമ ചില നിക്ഷിപ്ത താല്‍പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ ഒരുമയെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ഛിദ്രശക്തികളുടെ അജന്‍ഡയെ അതിജീവിക്കല്‍ കൂടിയാണ് കേരള പുനര്‍നിര്‍മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനര്‍നിര്‍മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തും. മഴയുടെയും വെള്ളപ്പൊക്കത്തിന്റേയും ആഘാതം സംബന്ധിച്ച് വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."